Monday, November 2, 2026

വിളപ്പിൽശാലയ്ക്ക് പുതിയ പ്രതീക്ഷ;”വന്നു… കണ്ടു… കീഴടക്കി…”; ലോകോത്തര പബ്ലിക് ഹെൽത്ത് സെന്റർ ലക്ഷ്യമിട്ട് ഡോ. എം.വി. പിള്ളയുടെ നിർദേശം, മേയർ വി.വി. രാജേഷിനെ പ്രശംസിച്ച് കത്ത്

തിരുവനന്തപുരം: ദീർഘകാലമായി മാലിന്യ സംസ്കരണ കേന്ദ്രമെന്ന പേരിൽ ദുരിതവും അവഗണനയും നേരിട്ട വിളപ്പിൽശാലയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പൊതുജനാരോഗ്യ-ഗവേഷണ കേന്ദ്രമായി വികസിപ്പിക്കണമെന്ന നിർദേശവുമായി പ്രമുഖ അർബുദ രോഗവിദഗ്ധനും നടൻ പൃഥ്വിരാജിന്റെ അമ്മാവനുമായ ഡോ. എം.വി. പിള്ള. തിരുവനന്തപുരം കോർപ്പറേഷൻ മേയറും ബിജെപി നേതാവുമായ വി.വി. രാജേഷിനും ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ ശ്രീകുമാറിനും അയച്ച കത്തിലൂടെയാണ് ഈ നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

അമേരിക്കയിലെ ഡാളസിൽ നിന്ന് അയച്ച കത്തിൽ, തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിനായി മേയർ വി.വി. രാജേഷും സംഘവും നടത്തുന്ന ശ്രമങ്ങളെ ഡോ. പിള്ള പ്രശംസിക്കുന്നു. “വന്നു… കണ്ടു… കീഴടക്കി…” എന്ന വിശേഷണത്തിലൂടെയാണ് രാജേഷിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം വിലയിരുത്തുന്നത്. ജനങ്ങൾക്കിടയിൽ മികച്ച സ്വീകാര്യത നേടിയെടുക്കാൻ രാജേഷിന്റെ നേതൃത്വത്തിന് കഴിഞ്ഞുവെന്നും കത്തിൽ പരാമർശിക്കുന്നു.

വിളപ്പിൽശാല വർഷങ്ങളായി വഹിച്ചിരുന്ന പരിസ്ഥിതി ദുരന്തത്തിന്റെ പശ്ചത്തലത്തിൽ, ലോകപ്രശസ്തമായ ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ സഹകരണത്തോടെ ഒരു സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് സ്ഥാപിക്കാനാകുമെന്നാണ് ഡോ. പിള്ളയുടെ അഭിപ്രായം. അത്തരമൊരു പദ്ധതി പ്രദേശത്തിന്റെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കുന്ന വികസന മാതൃകയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മേയോ ക്ലിനിക്, ജോൺസ് ഹോപ്കിൻസ് തുടങ്ങിയ ആഗോള നിലവാരമുള്ള ആരോഗ്യ-ഗവേഷണ സ്ഥാപനങ്ങളുമായി സഹകരണം സാധ്യമാക്കാനുള്ള സാധ്യതകളും അദ്ദേഹം കത്തിൽ പങ്കുവെക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം രേഖപ്പെടുത്തുന്നു.

ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ പ്രൊഫസർ ഷെൽബി കുട്ടി ഉടൻ തന്നെ വി.വി. രാജേഷുമായും സംഘവുമായും കൂടിക്കാഴ്ച നടത്തുമെന്നും, പദ്ധതിയുടെ സാധ്യതകൾ വിശദമായി പരിശോധിക്കുമെന്നും ഡോ. പിള്ള വ്യക്തമാക്കുന്നു. 1998-ൽ സമാനമായ ഒരു നിർദേശം സിംഗപ്പൂരിനായി പരിഗണിച്ചിരുന്നുവെന്നും, പുതിയ സാഹചര്യത്തിൽ അത്തരമൊരു ആശയം വീണ്ടും യാഥാർഥ്യമാക്കാൻ കഴിയുമോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

കോവിഡ് മഹാമാരിക്കാലത്ത് ലോകം ശ്രദ്ധിച്ച ജോൺസ് ഹോപ്കിൻസ് സ്ഥാപനവുമായി സഹകരിച്ച് പൊതുജനാരോഗ്യ മേഖലയിലെ ഒരു അന്താരാഷ്ട്ര നിലവാരമുള്ള കേന്ദ്രം വിളപ്പിൽശാലയിൽ സ്ഥാപിക്കാനായാൽ, അത് പ്രദേശത്തിന്റെ വികസന ചരിത്രത്തിൽ നിർണായക വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ.

അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി വി.വി. രാജേഷ് വിവിധ നഗരങ്ങളിലെ മേയർമാരുമായും ബിസിനസ് മേഖലയിലെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തി തിരുവനന്തപുരം നഗരത്തിന്റെ വികസന സാധ്യതകൾ ചർച്ച ചെയ്തിരുന്നു. ഈ സന്ദർശനത്തിനിടെയാണ് ഡോ. എം.വി. പിള്ളയുമായുള്ള കൂടിക്കാഴ്ചയും നടന്നത്. ഇതിന് പിന്നാലെ പുറത്തുവന്ന കത്ത് തലസ്ഥാനത്തെ വികസന ചർച്ചകളിൽ പുതിയ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.

Related Articles

Latest Articles