വാഷിംഗ്ടൺ: അമേരിക്കയിലെ വെർജീനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി (VSU) കാമ്പസിൽ അഞ്ച് പേർക്ക് പരിക്കേറ്റ വെടിവെപ്പ് സംഭവത്തിൽ 19-കാരൻ പോലീസ് പിടിയിലായി. ഹെൻറിക്കോ സ്വദേശിയായ കാമ്രോൺ ഹാരിസ് എന്നയാളെയാണ് യൂണിവേഴ്സിറ്റി ഡോർമിറ്ററിയിലെ അലമാരയ്ക്കുള്ളിൽ ഒളിച്ചിരുന്ന നിലയിൽ ചെസ്റ്റർഫീൽഡ് കൗണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച പുലർച്ചെ 1:30 ഓടെ കാമ്പസിലെ ഡോർമിറ്ററി കെട്ടിടങ്ങൾക്ക് പുറത്താണ് വെടിവെപ്പുണ്ടായത്. പുതിയ അദ്ധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ അക്രമസംഭവം നടന്നത്. പരിക്കേറ്റ 17 നും 23 നും ഇടയിൽ പ്രായമുള്ള അഞ്ച് പേരിൽ ഒരാൾ മാത്രമാണ് സർവകലാശാലയിലെ വിദ്യാർത്ഥി. ഇയാളുടെ പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. എന്നാൽ വെടിയേറ്റ 21-കാരനായ യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
അറസ്റ്റിലായ കാമ്രോൺ ഹാരിസിന് സർവകലാശാലയുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. കൊലപാതകശ്രമം, നിയമവിരുദ്ധമായി തോക്ക് ഉപയോഗിക്കൽ ഉൾപ്പെടെ എട്ടോളം ഗുരുതരമായ ക്രിമിനൽ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം വെർജീനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലും പരിസരത്തുമായി മുൻപും വെടിവെപ്പ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2024 ആഗസ്റ്റിൽ പുലർച്ചെ ക്യാമ്പസിലുണ്ടായ വെടിവെപ്പിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഉൾപ്പെട്ടവർക്ക് സർവകലാശാലയുമായി നേരിട്ട് ബന്ധമുണ്ടായിരുന്നില്ല. കൂടാതെ 2023 നവംബറിൽ ക്യാമ്പസിനടുത്തുള്ള തർക്കം അന്വേഷിക്കാനെത്തിയ യൂണിവേഴ്സിറ്റി പോലീസ് ഉദ്യോഗസ്ഥൻ ബ്രൂസ് ഫോസ്റ്ററിന് വെടിയേറ്റ് ഗുരുതരമായി പരിക്കേൽക്കുകയും, 2017 ഒക്ടോബറിൽ വാർഷിക ആഘോഷങ്ങൾക്കിടെ നടന്ന വെടിവെപ്പിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വെർജീനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന ഈ സംഭവങ്ങളിലൊന്നും വലിയ തോതിലുള്ള കൂട്ടക്കൊലകളോ മരണങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആളുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയാണ് ഉണ്ടായിട്ടുള്ളത്.

