Wednesday, May 15, 2024
spot_img

ഇനിമുതൽ അതിവേഗ നിരീക്ഷണ കപ്പൽ അനഘ് വിഴിഞ്ഞം തീരസംരക്ഷണ സേനക്ക് സ്വന്തം

ഇന്ന് നടന്ന വിഴിഞ്ഞം തീരസംരക്ഷണ സേന ജെട്ടിയിൽ സ്വീകരണ ചടങ്ങിൽ സേന കപ്പൽ ‘അനഘ്’ (ICGS- 246) വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ഭാഗമായി. കേരള അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം) ഡോ വി വേണു IAS ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

കേരളത്തിന്റെ തീരദേശ സുരക്ഷ വർദ്ധിപ്പിക്കുവാനും തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവ കാര്യക്ഷമമാക്കാനും ഈ കപ്പൽ സഹായകരമാകുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി വ്യക്തമാക്കി. കേരളത്തിന്റെയും മഹിയുടെയും ചുമതലയുള്ള തീരസംരക്ഷണ സേന മേഖല കമാൻഡർ, വിഴിഞ്ഞം തീരസംരക്ഷണ സേന കമാൻഡർ, പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ, ശംഖുമുഖം എയർഫോഴ്സ് സ്റ്റേഷൻ ചീഫ് ഓപ്പറേഷൻ ഓഫീസർ, അനഘിന്റെ കമ്മന്റിങ് ഓഫീസർ, ജില്ലാ കളക്ടർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സമീപഭാവിയിൽ ഈ പ്രദേശത്തെ ഏറ്റവും തിരക്കേറിയ ഷിപ്പിംഗ് ഹബ്ബായി മാറുമെന്നതിനാൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ തന്ത്രപരമായ ആവശ്യകത മുൻകൂട്ടി കണ്ടാണ് കപ്പൽ വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ഭാഗമായതെന്നു സേനയുടെ കേരള-മാഹി മേഖല കമാൻഡർ ഡിഐജി എൻ രവി പറഞ്ഞു.

പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കാൻ ശേഷിയുള്ള ICGS അനഘ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് തദ്ദേശീയമായി നിർമ്മിച്ച കപ്പലാണ്. 15 ദിവസം തുടർച്ചയായി കടലിൽ തങ്ങാൻ ശേഷിയുള്ള കപ്പലിൽ ആയുധങ്ങളും തിരച്ചിൽ, രക്ഷാപ്രവർത്തന ഉപകരണങ്ങളും സജ്ജമാണ്. കമാൻഡന്റ് അമിത് ഹൂഡയുടെ നേതൃത്വത്തിൽ 05 ഉദ്യോഗസ്ഥരും 33 ജീവനക്കാരുമാണ് കപ്പലിലുള്ളത്.

Related Articles

Latest Articles