Thursday, May 2, 2024
spot_img

ബെൽറ്റ് ആൻഡ് റോഡ് ഉച്ചകോടിക്കായി വ്ളാഡിമിർ പുട്ടിൻ ചൈനയിൽ : ക്യാമറ കണ്ണുകൾ ഒപ്പിയെടുത്ത ചിത്രത്തിൽ ചിഗറ്റും! വീണ്ടും ചർച്ചയായി ന്യൂക്ലിയർ സ്യൂട്ട്കേസ്

ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ ചിത്രം വൈറലാകുന്നു. പുട്ടിന്റെ സാന്നിധ്യത്തിനുമപ്പുറം അദ്ദേഹത്തിന് അകമ്പടി പോകുന്ന റഷ്യൻ നാവിക സേനയിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ കൈവശ്യമുള്ള കറുത്ത പെട്ടിയാണ് ചിത്രം വൈറലാകാൻ കാരണം. ആണവ ആയുധങ്ങളെ തത്സമയം ലോഞ്ച് ചെയ്യാനുളള കമാൻഡിനും നിയന്ത്രണത്തിനുമുള്ള ഓട്ടോമാറ്റിക് സിസ്റ്റത്തിന്റെ ഭാഗമായ ന്യൂക്ലിയർ സ്യൂട്ട്കേസുകളാണിതെന്നാണ് റിപ്പോർട്ട്. ആണവശക്തി ഇതിനോടകം സ്വയക്തമാക്കിയ രാജ്യങ്ങളിൽ ഇത്തരം ന്യൂക്ലിയർ സ്യൂട്ട്കേസുകൾ ഉള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത് റഷ്യയ്ക്കും അമേരിക്കയ്ക്കുമാണ്. ഫ്രാൻസിന് മൊബൈൽകേസ് എന്നൊരു പെട്ടിയുണ്ടെങ്കിലും അതിൽ ആണവയുധങ്ങൾ നിയന്ത്രിക്കാനുള്ള സജ്ജീകരണമില്ല.

റഷ്യയുടെ ന്യൂക്ലിയർ സ്യൂട്ട്കേസ് ‘ചിഗറ്റ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ പെട്ടി റഷ്യൻ നാവികസേനാ ഉദ്യോഗസ്ഥരാണ് കലാകാലങ്ങളായി കൊണ്ട് നടക്കുന്നത്. റഷ്യൻ സൈന്യത്തിലെ ഉന്നതനേതൃത്വവുമായി സവിശേഷ കാസ്ബെക് ഇലക്ട്രോണിക് സംവിധാനം വഴി ബന്ധപ്പെടാനുള്ള സംവിധാനമാണ് ബ്രീഫ്കേസിൽ. പ്രസിഡന്റ്റിനു പുറമെ റഷ്യൻ പ്രധാനമന്ത്രിക്കും സംയുക്ത സൈനിക മേധാവിക്കും ഈ പെട്ടികളുണ്ട് സോവിയറ്റ് കാലഘട്ടത്തിൽ 1985ലാണ് ചിഗറ്റ് സജ്ജമായത്. ഒരു പ്രത്യേക ഫ്ലാഷ് കാർഡ് ഉപയോഗിച്ചാണ് ഈ പെട്ടി പ്രവർത്തിപ്പിക്കുന്നത്. ആണവായുധങ്ങളുടെ ലോഞ്ച്, കാൻസൽ എന്നിങ്ങനെ രണ്ട് ബട്ടണുകൾ ഇതിലുണ്ട്. മൂന്നിൽ രണ്ടുപേർ അനുമതി നൽകിയാൽ റഷ്യൻ സേന ആണവായുധം പ്രയോഗിക്കും.

1995ൽ ചിഗറ്റ് പ്രവർത്തിപ്പിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ബോറിസ് യെൽത്സിൻ ആയിരുന്നു അന്ന് റഷ്യൻ പ്രസിഡന്റ്. അമേരിക്കയും നോർവേയുമായി നടന്ന സംയുക്ത മിസൈൽ അഭ്യാസം റഷ്യയ്ക്ക് നേരെ ആണവാക്രമണമാണെന്നു തെറ്റിദ്ധരിച്ച് ഒരു അലർട്ട് വന്നതാണു കാരണം. എന്നാൽ അബദ്ധം മനസിലായതോടെ ചിഗറ്റ് നിർദേശം റഷ്യ ക്യാൻസൽ ചെയ്തു.

അമേരിക്കയുടെ ന്യൂക്ലിയർ സ്യൂട്ട്കേസ്‘ന്യൂക്ലിയർ ഫുട്ബോൾ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതും വഹിച്ച് ഒരു സൈനികൻ എപ്പോഴും അമേരിക്കൻ പ്രസിഡന്റിനൊപ്പമുണ്ടാകും. അമേരിക്കൻ സേനയുടെ സർവസൈന്യാധിപനാണു പ്രസിഡന്റ്. ആണവായുധങ്ങളുടെ രഹസ്യ കോഡുകളും മറ്റും ന്യൂക്ലിയർ ഫുട്ബോളിൽ സജ്ജമാക്കിയിട്ടുണ്ട്. ആക്രമണ സാഹചര്യമുണ്ടായാൽ ഇതു വഴി അടിയന്തര ഉത്തരവു നൽകാനാകും. ഈ പെട്ടി ആദ്യം ഉപയോഗിച്ചതു ജോൺ എഫ്. കെന്നഡിയാണ്.

Related Articles

Latest Articles