തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി. എസ്. അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. രോഗം ഭേദമായതിനെ തുടർന്ന് വൈകീട്ടോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും അദ്ദേഹത്തെ ഡിസ്ചാർജ്ജ് ചെയ്യുകയായിരുന്നു.
വിഎസിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വീട്ടിൽ വിശ്രമം തുടരണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ വിഎസിന്റെ മകന്‍ അരുണ്‍ കുമാറിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ 21 നായിരുന്നു അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കൂടിയുള്ളതിനാൽ അദ്ദേഹത്തെ വിദഗ്ധ പരിചരണത്തിനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ വസുമതിയ്ക്കും രോഗം ബാധിച്ചിരുന്നു.
കോവിഡ് സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം വിഎസിന് സന്ദര്‍ശകരെ പോലും അനുവദിച്ചിരുന്നില്ല. എന്നാൽ അദ്ദേഹത്തെ പരിചരിക്കാനെത്തുന്ന നഴ്സിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് വി എസിനും കൊവിഡ് സ്ഥിരീകരിച്ചത്.

