പാർട്ടിയിൽ നിന്നും വിഎസിനെ ഒതുക്കിയത് ഇവരുടെ ഗൂഢതന്ത്രം? പയറ്റിയത് ശത്രുക്കൾ പോലും ചെയ്യാത്ത ഒടിവിദ്യകൾ | VS Achuthanandan
സംസ്ഥാനത്ത് അതിരൂക്ഷമായി കോവിഡ് വീണ്ടും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ കോവിഡ് സാഹചര്യത്തിലും സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത് ഇക്കുറി എങ്ങനെ നടന്നാലും അതിനൊരു വലിയ കുറവുണ്ടാകും– വി.എസ്.അച്യുതാനന്ദന്റെ അസാന്നിധ്യം. സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാണെങ്കിലും സമ്മേളനത്തിന് എത്താനുള്ള ആരോഗ്യസ്ഥിതിയിലല്ല വിഎസ്. ആശയ ഭിന്നതയെത്തുടർന്ന് 1964ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ ഇന്നു ജീവിച്ചിരിക്കുന്നതു വിഎസും എൻ.ശങ്കരയ്യയും മാത്രമാണ്. സിപിഎം രൂപീകരണത്തിനു കാരണമായ ആ ഇറങ്ങിപ്പോക്കിൽ ഉൾപ്പെട്ടയാൾ ആദ്യമായാണു പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ സാന്നിധ്യമറിയിക്കാനാകാതെ പോകുന്നത്. മാരാരിക്കുളത്തെ തന്റെ തിരഞ്ഞെടുപ്പു തോൽവിയുടെ കാരണക്കാരായി വിഎസ് കണ്ടെത്തിയ സിഐടിയു പക്ഷത്തെ വെട്ടിനിരത്തിയ പാലക്കാട് സംസ്ഥാന സമ്മേളനംവരെ വിഎസ് തന്നെയായിരുന്നു ഉഗ്രപ്രതാപി.
എന്നാൽ പാലക്കാട് സമ്മേളനത്തിൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ചടയൻ ഗോവിന്ദന്റെ മരണശേഷം പിണറായി വിജയൻ സെക്രട്ടറിയായി. തുടർന്നു നടന്ന കണ്ണൂർ സമ്മേളനം മുതലാണു പാർട്ടിയിൽ വിഎസ് പക്ഷം ഔദ്യോഗിക പക്ഷമല്ലാതാകുന്നതും സമ്മേളനങ്ങളിൽ വിഎസ് കേന്ദ്രബിന്ദുവാകുന്നതും. വിഎസിന്റെ ജില്ലയായ ആലപ്പുഴയിലെയും തൃശൂരിലെയും വിഭാഗീയതയായിരുന്നു ആ സമയത്തു പ്രധാന ചർച്ചാ വിഷയം. സമ്മേളനത്തിനു പിന്നാലെ നടപടിയുമുണ്ടായി. പരോക്ഷമായി അതു വിഎസിനാണു തിരിച്ചടിയായത്. വിഭാഗീയതയെത്തുടർന്നു സംസ്ഥാന കമ്മിറ്റിയിൽനിന്നൊഴിവാക്കപ്പെട്ട മൂന്നു പേരും വിഎസ് പക്ഷക്കാരായിരുന്നു. പതിയെപ്പതിയെ വിഎസ് പക്ഷക്കാരെല്ലാം ഔദ്യോഗിക പക്ഷത്തേക്ക് അടുക്കുന്നതും ആ സമ്മേളനകാലം മുതലാണ്.
വിഎസും പിണറായിയും രണ്ടു ധ്രുവങ്ങളിലായി നിന്ന സമയത്തായിരുന്നു 2005ലെ മലപ്പുറം സമ്മേളനം. സംസ്ഥാന കമ്മിറ്റിയിലേക്കു മത്സരം വേണ്ടെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. കേന്ദ്രനേതൃത്വം ഔദ്യോഗിക പക്ഷത്തിനൊപ്പമായിരുന്നു. എന്നാൽ സെക്രട്ടറി പിണറായി വിജയൻ അവതരിപ്പിച്ച പാനലിനെതിരെ വിഎസ് പക്ഷത്തുനിന്ന് 12 പേർ മത്സരിച്ചു. 12 പേരും തോറ്റു. പാലക്കാട് സമ്മേളനത്തിൽ വിഎസ് വെട്ടിനിരത്തിയ എം.എം. ലോറൻസിനെപ്പോലെയുള്ളവർ തിരിച്ചു സംസ്ഥാന കമ്മിറ്റിയിലെത്തിയതു വിഎസിന് ഇരട്ടി പ്രഹരമായി. വിഎസിന്റെ ചാവേർപ്പടയായി നിന്നു തോറ്റവരിൽ പലരും പിന്നാലെ പാർട്ടിയുടെ അച്ചടക്ക നടപടി നേരിട്ടു. 2006ലെ തിരഞ്ഞെടുപ്പിൽ വിഎസിനു സീറ്റ് നിഷേധിക്കുന്നതിനു വരെ കാരണമായി ഈ സമ്മേളനം. സംസ്ഥാന സമിതി കേന്ദ്രനേതൃത്വത്തിനു കൈമാറിയ സ്ഥാനാർഥിപ്പട്ടികയിൽ വിഎസ് ഉണ്ടായിരുന്നില്ല. പാർട്ടി അന്നുവരെ കാണാത്ത പ്രതിഷേധം നാട്ടിലുണ്ടായപ്പോഴാണു നേതൃത്വത്തിനു വഴങ്ങേണ്ടിവന്നത്.

