കോഴിക്കോട്: വെളളിമാടുകുന്ന് ബാലികാ മന്ദിരത്തില് (Kozhikode Children Home) നിന്ന് ഒളിച്ചോടിയ ആറ് പെണ്കുട്ടികളേയും കണ്ടെത്തി. നാല് പെണ്കുട്ടികളെ മലപ്പുറം ജില്ലയിലെ എടക്കരയില് നിന്നാണ് കണ്ടെത്തിയത്. ബെംഗളൂരുവില് നിന്ന് ട്രെയിന് മാര്ഗം പാലക്കാട്ടെത്തി തുടര്ന്ന് ബസില് പെണ്കുട്ടികള് എടക്കരയില് എത്തുകയായിരുന്നു. എടക്കര പൊലീസ് സ്റ്റേഷനിലാണ് പെണ്കുട്ടികളുള്ളത്.
മറ്റ് രണ്ട് പെണ്കുട്ടികളെ ഇന്നലെയും ഇന്ന് രാവിലെയുമായി കണ്ടെത്തിയിരുന്നു. ഒരാളെ മടിവാളയിലെ ഹോട്ടലില് നിന്നും മറ്റൊരാളെ മണ്ഡ്യയില് നിന്നുമാണ് കണ്ടെത്തിയത്. ഇതോടെ കാണാതായ ആറുപേരെയും കണ്ടെത്തി. ബെംഗളൂരുവില് മടിവാളയില് നിന്നായിരുന്നു ആദ്യത്തെ പെണ്കുട്ടിയെ കണ്ടെത്തിയത്. ഹോട്ടലില് മുറിയെടുക്കാനെത്തിയ പെണ്കുട്ടികളെ ഹോട്ടല് അധികൃതര് തടഞ്ഞുവച്ച് പൊലീസില് ഏല്പ്പിക്കുകയായിരുന്നു.
പെണ്കുട്ടികള്ക്ക് ബെംഗളൂരുവിലേക്ക് കടക്കാന് പണം നല്കി സഹായിച്ചത് സുഹൃത്തുക്കളാണെന്ന സൂചനയാണ് പൊലീസ് നല്കുന്നത്. ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ രണ്ട് തവണയായി സുഹൃത്തുക്കളായ യുവാക്കള് പണം ഓൺലൈൻ വഴി കൈമാറിയെന്നാണ് റിപ്പോര്ട്ട്. കാണാതായതില് നാലു പേർ 14 വയസുള്ളവരാണ്. ഒരാള്ക്ക് 17 വയസും മറ്റൊരാള്ക്ക് 16 വയസുമാണ് പ്രായം. അഞ്ച് പേര് കോഴിക്കോട് സ്വദേശികളും ഒരാള് കണ്ണൂര് സ്വദേശിയുമാണ്.

