Tuesday, May 21, 2024
spot_img

ചരിത്ര മുഹൂർത്തം കാത്ത്…! ചന്ദ്രയാൻ-3ന്റെ സോഫ്റ്റ് ലാൻഡിംഗ് ഇന്ന്; ലാൻഡർ ചന്ദ്രന്റെ ദക്ഷിണദ്രുവത്തിൽ ഇറങ്ങുന്നത് വൈകിട്ട് 6.04ന്; പ്രതീക്ഷയോടെ ഭാരതം

ഭാരതത്തിന്റെ സ്വപ്ന ദൗത്യമായ ചന്ദ്രയാൻ -3 വിജയത്തിന്റെ പടിവാതിക്കൽ. ചരിത്ര മുഹൂർത്തം കാത്ത് ലോകം. ഇന്ന് വൈകിട്ട് 6.04-ന് പേടകം സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാക്കും. വൈകിട്ട് 5.30 മുതൽ എട്ട് മണിവരെയാണ് സോഫ്റ്റ് ലാൻഡിംഗിനുള്ള സമയമെന്ന് ഐഎസ്ആർഒ നേരത്തെ അറിയിച്ചിരുന്നു. പിന്നീട് 6.04-നായിരിക്കും സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ നടക്കുകയെന്ന് ഐഎസ്ആർഒ വ്യക്തമാക്കുകയായിരുന്നു. ഏറ്റവും ഒടുവിലത്തെ ഡീബൂസ്റ്റിംഗ് പ്രക്രിയയും വിജയകരമായതോടെ ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും 25 കിലോമീറ്റർ അകലത്തിലാണ് നിലവിൽ ലാൻഡർ സ്ഥിതിചെയ്യുന്നത്.

ഇന്ന് നടക്കുന്ന നാല് പ്രധാന ഘട്ടങ്ങളിലൂടെ പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത് സാദ്ധ്യമാക്കും. ആദ്യമായി ഒരു പേടകം ദക്ഷിണധ്രുവത്തിൽ ഇറക്കുന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കാനാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഇന്നലെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. സോഫ്റ്റ് ലാൻഡിംഗിന് മുന്നോടിയായി എല്ലാം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്നലെ ശാസ്ത്രജ്ഞ സംഘം വിലയിരുത്തിയിരുന്നു.

വേഗത കുറയ്‌ക്കുന്നതിനൊപ്പം തന്നെ പ്രധാനമായും നാല് ഘട്ടങ്ങളാണ് കടക്കാനുള്ളത്. റഫ് ബ്രേക്കിംഗ്, ആറ്റിറ്റിയൂഡ് ഹോൾഡ്, ഫൈൻ ബ്രേക്കിംഗ്, ടെർമിനൽ ഡിസൻഡ് എന്നീ ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷമാകും പേടകം ലാൻഡിംഗിലേക്ക് കടക്കുക. ഈ പ്രക്രിയകളെല്ലാം സുരക്ഷിതമായി പൂർത്തിയാക്കുന്നതോടെ ലാൻഡർ ചന്ദ്രോപരിതലത്തിന് 10 മീറ്റർ മുകളിലെത്തും. ഇവിടെ വെച്ച് ത്രസ്റ്റർ എഞ്ചിനുകൾ ഓഫ് ആകുകയും ലാൻഡർ താഴേക്ക് ഇറങ്ങുകയുമാണ് ചെയ്യുക. ഈ സമയം പരമാവധി വേഗത സെക്കൻഡിൽ രണ്ട് മീറ്ററിൽ താഴെയാകണം. അവസാന 20 മിനിറ്റുകളാണ് ചന്ദ്രയാൻ-3 യുടെ വിജയക്കുതിപ്പിന്റെ അവസാന നിമിഷങ്ങൾ.

വിക്രം ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് നാല് കാലിൽ ഇറങ്ങേണ്ടത് പടിപടിയായുള്ള ഓരോ ഘട്ടങ്ങൾക്ക് പിന്നാലെയാണ്. അവസാനഘട്ടത്തിൽ ആവശ്യമായ തീരുമാനങ്ങൾ ദ്രുതഗതിയിൽ എടുക്കേണ്ടത് സോഫ്റ്റ് വെയറുകളാണ്. ഇതിന് സഹായകമാകത്തക്ക വിധം ക്യാമറകളും സെൻസറുകളും ഘടിപ്പിച്ചിട്ടുണ്ട്. സെക്കൻഡിൽ 1.68 കിലോമീറ്റർ അതായത് മണിക്കൂറിൽ 6048 കിലോമീറ്റർ വേഗതയിലാണ് പേടകം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഈ വേഗതയാണ് കുറച്ചു കൊണ്ട് വരേണ്ടത്. ഇത്തരത്തിൽ ഘട്ടം ഘട്ടമായാണ് പ്രവർത്തനം നടക്കുക.

Related Articles

Latest Articles