പാലക്കാട്: വാളയാര്‍ കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നു ഹൈക്കോടതി നിര്‍ദേശം. പ്രതികളെ വെറുതെ വിട്ടതിനെതിരെ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളും സര്‍ക്കാരും നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണു ഹൈക്കോടതി ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയത്.
നിലവിലുള്ള സാഹചര്യത്തില്‍ തുടരന്വേഷണത്തില്‍ പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ശിക്ഷിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാകും. പ്രതികള്‍ രാജ്യം വിടാന്‍പോലും സാധ്യതയുണ്ട് എന്നതു പരിഗണിച്ചാണു ഹൈക്കോടതി പ്രതികളെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിടാമെന്നും കോടതി വ്യക്തമാക്കി. കേസ് മേയില്‍ വീണ്ടും പരിഗണിക്കും.
2017 ജനുവരി 13-നാണ് അട്ടപ്പള്ളത്ത് 13 വയസുകാരിയേയും പിന്നീട് രണ്ടു മാസത്തിനുശേഷം മാര്‍ച്ച്-4-ന് സഹോദരിയായ ഒന്‍പതു വയസുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടു പെണ്‍കുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.
എന്നാല്‍ കേസില്‍ പ്രതികളായ വി. മധു, ഷിബു, എം.മധു എന്നിവരെ പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടു. പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്നു കണ്ടെത്തിയെങ്കിലും പ്രതികള്‍ ഇവര്‍ തന്നെയാണെന്നു തെളിയിക്കുന്നതില്‍ അന്വേഷണസംഘത്തിനു വീഴ്ചപറ്റി എന്നു നിരീക്ഷിച്ചാണു കോടതി പ്രതികളെ വെറുതെവിട്ടത്.

