Saturday, October 31, 2026

പേർഷ്യൻ ഗൾഫിൽ യുദ്ധസമാന സാഹചര്യം! ഇറാൻ്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തകർത്ത് അമേരിക്ക; ക്വഷം ദ്വീപിൽ തിരിച്ചടി

വാഷിംഗ്ടൺ: പേർഷ്യൻ ഗൾഫിൽ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിച്ചെന്ന് അമേരിക്ക. ആക്രമണങ്ങൾക്ക് പിന്നാലെ തന്ത്രപ്രധാനമായ ഇറാൻ്റെ ക്വഷം ദ്വീപിലെ സൈനിക താവളങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യം ശക്തമായ തിരിച്ചടി നൽകി. ബഹ്‌റൈനിലെ യു.എസ്. നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനവും മേഖലയിലെ മറ്റൊരു വ്യോമതാവളവും തകർത്തെന്ന ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സിന്റെ അവകാശവാദം യു.എസ്. സെൻട്രൽ കമാൻഡ് തള്ളി. അമേരിക്കൻ സേനയ്‌ക്കെതിരായ ഇറാന്റെ എല്ലാ നീക്കങ്ങളും പരാജയപ്പെട്ടുവെന്ന് സെന്റകോം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

മേഖലയിലെ അയൽരാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാൻ നിരവധി ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടെങ്കിലും അവയൊന്നും ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്ന് യുഎസ് സൈന്യം അറിയിച്ചു. കുവൈറ്റിന് നേരെ തൊടുത്ത രണ്ട് മിസൈലുകൾ ലക്ഷ്യത്തിലെത്തുന്നതിന് മുൻപ് തകരുകയോ വഴിയിൽ പതിക്കുകയോ ചെയ്തു. ബഹ്‌റൈന് നേരെ വിക്ഷേപിച്ച മൂന്ന് മിസൈലുകൾ യു.എസിന്റെയും ബഹ്‌റൈന്റെയും വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു. തങ്ങൾക്ക് നേരെയുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിച്ചതായി കുവൈറ്റ് സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ, അന്താരാഷ്ട്ര ജലാതിർത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന സിവിലിയൻ കപ്പലുകളെ ലക്ഷ്യമാക്കി ഇറാൻ അയച്ച മൂന്ന് ഡ്രോണുകളും അമേരിക്കൻ സൈന്യം വെടിവെച്ചിട്ടു.

ഗൾഫ് മേഖലയിലെ എണ്ണ-വാതക ഗതാഗതത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന ക്വഷ്ം ദ്വീപിലെ ഇറാന്റെ സൈനിക ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനാണ് അമേരിക്ക ലക്ഷ്യമിട്ടത്. ഫെബ്രുവരി അവസാനം യു.എസും ഇസ്രായേലുമായി യുദ്ധം ആരംഭിച്ചതു മുതൽ ഈ കപ്പൽച്ചാൽ ഇറാൻ അടച്ചിട്ടിരിക്കുകയാണ്. യു.എസ്. നടത്തിയ പ്രത്യാക്രമണത്തിൽ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സെന്റകോം അറിയിച്ചു. എന്നാൽ, ക്വഷ്ം ദ്വീപിലെ ആക്രമണത്തിന് മറുപടിയായാണ് തങ്ങൾ ബഹ്‌റൈനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന (IRNA) റിപ്പോർട്ട് ചെയ്തത്.

അമേരിക്കയും ഇറാനും തമ്മിൽ ഏപ്രിൽ 8 മുതൽ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, ശാശ്വത സമാധാനത്തിനായുള്ള ചർച്ചകൾ ഇതുവരെ ഫലം കണ്ടിട്ടില്ല. ഇതിനിടെ, ലെബനനിൽ ഇസ്രായേൽ നടത്തുന്ന സൈനിക നീക്കങ്ങൾ യു.എസ്-ഇറാൻ വെടിനിർത്തൽ കരാർ ഇല്ലാതാക്കാൻ കാരണമാകുമെന്ന് ഇറാൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഏപ്രിൽ 13 മുതൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ച് ഇറാനിയൻ തുറമുഖത്തേക്ക് കടക്കാൻ ശ്രമിച്ച കപ്പലിന് നേരെ യു.എസ്. സൈന്യം മിസൈൽ വർഷിച്ച് അതിനെ നിഷ്ക്രിയമാക്കിയിരുന്നു. ഉപരോധം ലംഘിക്കാൻ ശ്രമിച്ച ആറാമത്തെ കപ്പലാണ് ഇപ്പോൾ അമേരിക്കൻ സൈന്യം ബലംപ്രയോഗിച്ച് തടയുന്നത്.

Related Articles

Latest Articles