തിരുവനന്തപുരം നാലാഞ്ചിറയിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. മണ്ണന്തല സ്വദേശിനിയും നാലാഞ്ചിറയിൽ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിക്കുകയുമായിരുന്ന ഹസീന (36) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. കൊലപാതകത്തിന് ശേഷം പ്രതിയായ ഭർത്താവ് സുരേഷ് കാറിൽ കയറി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഹസീനയും വട്ടിയൂർക്കാവ് സ്വദേശിയായ സുരേഷും ഇവരുടെ നാല് മക്കളും ഉൾപ്പെടെ ഏഴുപേരാണ് കഴിഞ്ഞ നാലുമാസമായി വാടകവീട്ടിൽ താമസിച്ചുവന്നിരുന്നത്. ഇലക്ട്രീഷ്യനായ സുരേഷിന് ഭാര്യയോടുണ്ടായിരുന്ന അമിതമായ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ദമ്പതികൾക്കിടയിൽ കുറച്ചുകാലമായി നിലനിന്നിരുന്ന കുടുംബവഴക്ക് കഴിഞ്ഞ ദിവസം രൂക്ഷമായിരുന്നു. തുടർന്ന് വിഷയം പോലീസ് സ്റ്റേഷൻ വരെ എത്തിയെങ്കിലും, ഉദ്യോഗസ്ഥർ ഇരുപക്ഷത്തെയും വിളിച്ച് അനുനയിപ്പിച്ച് തിരികെ വീട്ടിലേക്ക് അയക്കുകയായിരുന്നു.
ഇന്ന് പുലർച്ചെ വീണ്ടും ദമ്പതികൾ തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടാവുകയും, പ്രകോപിതനായ സുരേഷ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഹസീനയുടെ കഴുത്തറുക്കുകയുമായിരുന്നു. മക്കളുടെ മുന്നിൽ വെച്ചായിരുന്നു ഈ ക്രൂരകൃത്യം നടന്നത്. കൊലപാതകത്തിന് ശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെ ശുചിമുറിയിലെത്തി കത്തി കഴുകി വൃത്തിയാക്കി വെച്ച ശേഷമാണ് പ്രതി സുരേഷ് കാറിൽ കടന്നുകളഞ്ഞത്. വിവരമറിഞ്ഞ് മണ്ണന്തല പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചു. പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്.

