Saturday, June 1, 2024
spot_img

കൊച്ചിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ വെള്ളക്കെട്ട് ഒരാഴ്ചക്കുള്ളിൽ പരിഹരിക്കണം; ഹൈക്കോടതി

കൊച്ചി:പ്രധാനപ്പെട്ട സ്ഥലങ്ങളിലെ വെള്ളക്കെട്ട് ഒരാഴ്ചക്കുള്ളിൽ പരിഹരിക്കണമെന്ന കര്‍ശന നിർദ്ദേശവുമായി ഹൈക്കോടതി. ഓടകളും കനാൽ ശുചീകരണവും ദ്രുതഗതിയിൽ നടപ്പാക്കണം, കനാലുകളിലെ മാലിന്യനിക്ഷേപം കുറക്കാൻ ഇടപെടൽ നടത്തണം, അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ ഈ മാസം 11 ന് റിപ്പോർട്ട്‌ നൽകാനും കൊച്ചി കോർപ്പറേഷന് നിർദേശം നൽകി.

കാലവർഷം പിന്നിട്ട് തുലാവർഷം എത്തിയിട്ടും കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരമാക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഒരു മണിക്കൂർ തുടർച്ചായി മഴ പെയ്താൽ നഗരത്തിലെ പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസവും കൊച്ചിയിലുണ്ടായത്. പാതിവഴിയിൽ നിലച്ച ഓപ്പറേഷൻ ബ്രേക്ക് ത്രൂ പുനരുജീവിപ്പിക്കാത്തതാണ് വെള്ളക്കെട്ട് ഒഴിയാത്തതിന് പിന്നിൽ.

ഓടകളിലെ വെള്ളമെല്ലാം ഒഴുകിയെത്തുന്ന മുല്ലശ്ശേരി കനാലിൽ മാലിന്യം അടിഞ്ഞ് ഒഴുക്ക് കുറവാണ്. കനാലിന്‍റെ ആഴം കൂട്ടണമെങ്കിൽ അടിത്തട്ടിലുള്ള കുടിവെള്ള പൈപ്പും മാലിന്യ പൈപ്പും മാറ്റണം. ഇതിന് വരുന്ന വലിയ ചെലവ് വഹിക്കാൻ നിലവിൽ ഫണ്ടില്ല. ഓപ്പറേഷൻ ബ്രേക്ക് ത്രൂ ജില്ലാ ഭരണകൂടത്തിന്‍റെ കൂടി ചുമലിലാണെന്ന് പറഞ്ഞ് കോർപ്പറേഷൻ കൈകഴുകുമ്പോൾ വെള്ളക്കെട്ടിന് ആര് പരിഹാരം കാണുമെന്ന് അറിയാതെ ആശങ്കയിലാണ് കൊച്ചിക്കാർ. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

Related Articles

Latest Articles