Sunday, June 16, 2024
spot_img

വയനാട് എസ്‌പിക്ക് മേൽനോട്ടം !കൽപറ്റ ഡിവൈഎസ്‌പി അന്വേഷണ ഉദ്യോഗസ്ഥൻ ! സിദ്ധാർത്ഥന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും നിർദേശമുണ്ട് വയനാട് എസ്‌പി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. കൽപറ്റ ഡിവൈഎസ്‌പിയാകും അന്വേഷണ ഉദ്യോഗസ്ഥൻ. ഒരു ഡിവൈഎസ്‌പി കൂടി പ്രത്യേക അന്വേഷണ സംഘത്തിലുണ്ടാകും.

അതേസമയം കേസിലെ ഒന്നാംപ്രതിയും വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുമായ പാലക്കാട് സ്വദേശി അഖിലിനെയാണ് ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്തതിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 7 ആയി. എസ്എഫ്ഐ നേതാക്കളടക്കം കേസില്‍ ആകെ 18 പ്രതികളാണുള്ളത്. ഇവരില്‍ 11 പേര്‍ ഇപ്പോഴും ഒളിവിലാണ്.

കേസിൽ മുഴുവന്‍പ്രതികളെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് എബിവിപിയും കെഎസ്‌യുവും പൂക്കോട് വെറ്ററിനറി സര്‍വകലാശാല കാമ്പസിന് മുന്നില്‍ സമരം നടത്തുകയാണ്. എബിവിപിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ ഉപവാസസമരമാണ് സംഘടിപ്പിച്ചിരിക്കുന്നത്. കെഎസ്‌യുവിന്റെ അനിശ്ചിതകാല നിരാഹാര സമരത്തിനും വ്യാഴാഴ്ച വൈകിട്ട് തുടക്കമായി. വെള്ളിയാഴ്ച സര്‍വകലാശാലയിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

ബിവിഎസ്‌സി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിസിദ്ധാർത്ഥനെ (21) ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ആഘോഷവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നും മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചെന്നുമാണ് ആരോപണം. കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പല വിവരങ്ങളും ഈ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ്. നിലത്തിട്ടു നെഞ്ചിലും വയറ്റിലുമൊക്കെ ചവിട്ടിയതിന്റെയും കഴുത്തില്‍ എന്തോ വസ്തുകൊണ്ട് മുറുക്കിയതിന്റെയും തെളിവുകൾ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കഴുത്തില്‍, തൂങ്ങിമരിച്ചതിന്റെ അടയാളത്തിനുപുറമേ രണ്ടുദിവസം പഴക്കമുള്ള മുറിവുമുണ്ട്. സിദ്ധാര്‍ഥനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്നാണ് കുടംബത്തിന്റെ ആരോപണം.

Related Articles

Latest Articles