Saturday, May 18, 2024
spot_img

പാശ്ചാത്യ ഉപരോധം റഷ്യയെ തളർത്തുന്നു; നിക്ഷപമൊഴുകിയില്ലെങ്കിൽ റഷ്യയെ വിഴുങ്ങാനൊരുങ്ങി സാമ്പത്തിക പ്രതിസന്ധി

നൊവൊസൈബിർസ്ക് : സൗഹൃദ രാജ്യങ്ങളിൽനിന്നു നിക്ഷേപമായി പണം ഒഴുകിയില്ലെങ്കിൽ അടുത്ത വർഷത്തോടെ റഷ്യയെ സാമ്പത്തിക പ്രതിസന്ധി വിഴുങ്ങുമെന്ന് റഷ്യൻ ശതകോടീശ്വരൻ ഒലെങ് ഡെറിപാസ്ക അഭിപ്രായപ്പെട്ടു. സൈബീരിയയിൽ സംഘടിപ്പിച്ച ഇക്കണോമിക്സ് കോൺഫറൻസിലാണ് ഡെറിപാസ്ക ഇതു സംബന്ധിച്ച പരാമർശം നടത്തിയത്.

പാശ്ചാത്യ ശക്തികൾ ഉപരോധം ഏർപ്പെടുത്തിയതോടെ റഷ്യ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഇത്രയും കാലം യൂറോപ്യൻ രാജ്യം എന്ന നിലയിലാണ് റഷ്യ പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം തുടർന്നാൽ അടുത്ത 25 വർഷത്തേക്ക് ഏഷ്യൻ രാജ്യങ്ങളോടൊപ്പം നിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും ഡെറിപാസ്ക പറഞ്ഞു.

റഷ്യ യുക്രൈയ്നിൽ അധിനിവേശം തുടങ്ങിയതുമുതൽ പാശ്ചാത്യ രാജ്യങ്ങൾ 11,300 ഉപരോധങ്ങളാണ് ഏർപ്പെടുത്തിയത്. രാജ്യത്തിനു ലഭിക്കേണ്ടിയിരുന്ന 300 ബില്യൻ ഡോളറും തടഞ്ഞുവച്ചു. ഇതോടെയാണ് റഷ്യയിൽ സാമ്പത്തിക പ്രതിസന്ധി തലപൊക്കിയത്. രഹസ്യമായും പരസ്യമായും ലഭിക്കുന്ന ചൈനയുടെ സഹായത്തോടെയാണ് റഷ്യൻ സാമ്പത്തിക മേഖല ഇപ്പോൾ പിടിച്ചുനിൽക്കുന്നത്. റഷ്യയിൽ നിന്നുള്ള ഇന്ധനവും ഉപകരണങ്ങളും ലോഹങ്ങളും ചൈനയാണ് വൻതോതിൽ വാങ്ങുന്നത്.

സാമ്പത്തികപ്രശ്നങ്ങളെ അതിജീവിക്കാൻ റഷ്യയ്ക്കായിയെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ഡെറിപാസ്കയുടെ വെളിപ്പെടുത്തൽ .

Related Articles

Latest Articles