Friday, March 29, 2024
spot_img

വെസ്റ്റ് നൈൽ പനിക്കെതിരെ വടക്കൻ കേരളത്തിൽ ജാഗ്രത തുടരുന്നു ;ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം: വടക്കൻ കേരളത്തിൽ വെസ്റ്റ് നൈൽ പനിക്കെതിരെ കനത്ത ജാഗ്രത തുടരുകയാണ്. മലപ്പുറത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച ആറ് വയസുകാരൻ മരിച്ചതിനു പിന്നാലെ കൊതുക് നിവാരണ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കി.പ്രദേശത്തു വിദഗ്ധ സംഘത്തിന്‍റെ പരിശോധന തുടരുകയാണ്.

വെസ്റ്റ് നൈൽ പനിയെക്കുറിച്ച് സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്നലെ അറിയിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ച കുട്ടിയുടെ മരണം. ഇതിന് മുമ്പും വെസ്റ്റ് നൈൽ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നും ആരോഗ്യവകുപ്പ് സജീവമായ ഇടപെടൽ നടത്തുന്നുണ്ടെന്നുമാണ് കെ കെ ഷൈലജ പറഞ്ഞത്.

പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴിയാണ് മനുഷ്യരിലേക്ക് രോഗം പടരുന്നത്. ഈ ഭാഗത്ത് പക്ഷികള്‍ കൂട്ടത്തോടെ ചത്തുവീണിട്ടില്ലെന്നതും രോഗം പടര്‍ന്നിട്ടില്ലെന്നതിന്‍റെ തെളിവാണ്. വെസ്റ്റ് നൈല്‍ വൈറസ് പടരാതെ പ്രതിരോധിക്കാനുള്ള വാക്സിൻ ഇല്ലെന്നതാണ് വെല്ലുവിളി. പകരം കൊതുക് നശീകരണം ഊര്‍ജിതമാക്കുകയാണ് ആരോഗ്യവകുപ്പ്.

Related Articles

Latest Articles