തിരുവനന്തപുരം : ലോകത്ത് അതിവേഗം പടരുന്ന കൊവിഡ് വകഭേദമായ ഒമിക്രോൺ ജെ.എൻ.വൺ കേരളത്തിലും റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. അതിനാൽ തന്നെ, എന്താണ് ജെഎൻ.വൺ വകഭേദമെന്നും ഇത് എത്രത്തോളം വ്യാപനശേഷിയുള്ളതാണെന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെഎൻ. വൺ.
സെപ്റ്റംബറിൽ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തുന്നത്. കൂടാതെ, രണ്ട് ദിവസം മുൻപ് ചൈനയിലും 7 കേസുകൾ സ്ഥിരീകരിച്ചിരുന്നു. ആകെ 38 രാജ്യങ്ങളിലായി ഈ വൈറസ് പടർന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കേരളത്തിലും ഔദ്യോഗികമായി കേസ് സ്ഥിരീകരിച്ചതോടെ ഈ പട്ടികയിലേക്ക് ഇന്ത്യയുമെത്തിയിരിക്കുകയാണ്. അതിനാൽ തന്നെ, ബൂസ്റ്റർ ഡോസിന്റെ ആവശ്യകതയെകുറിച്ചും പലയിടത്തും ചർച്ചയാകുന്നുണ്ട്.
നിലവിൽ ഇന്ത്യയിൽ കണ്ടെത്തിയ എക്സ്ബിബി അടക്കമുള്ള വകഭേദങ്ങളേക്കാൾ ജെഎൻ 1 വകഭേദം വളരെ വേഗത്തിൽ പടരുന്നതും പ്രതിരോധശേഷിയെ മറികടക്കുന്നതുമാണെന്നാണ് വിദഗ്ധർ പറയുന്നത്. കൊവിഡ് ബാധിച്ച് രോഗം ഭേദപ്പെട്ടവരെയും, വാക്സിനെടുത്തവരെയും ഈ വൈറസ് ബാധിക്കാൻ സാധ്യതയുണ്ട്. ജെഎൻ 1ന്റെ രോഗ ലക്ഷണങ്ങൾ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങൾ കാണുന്നതായി ആരോഗ്യവിദഗ്ധർ പറയുന്നു. നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിലാണ് ലക്ഷണങ്ങൾ കൂടുതൽ പ്രകടമാവുക. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക, ശുചിത്വം പാലിക്കുക, രോഗ ലക്ഷണങ്ങളുള്ളവർ ഒട്ടും വൈകാതെ പരിശോധയ്ക്ക് വിധേയരാവുക, തുടങ്ങി നേരത്തെ നാം ശീലിച്ച മുൻകരുതലുകൾ തന്നെയാണ് ഈ വൈറസിനെ ചെറുക്കാനും സ്വീകരിക്കേണ്ടത്.

