മുംബൈ: ശിവസേന എംപി സഞ്ജയ് റാവത്തിന്റെ വസതിയിലെ എൻഫോഴ്സ്മെന്റ് റെയ്ഡിൽ പ്രതികരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ. തെറ്റ് ചെയ്തില്ലെങ്കിൽ എന്തിനാണ് ഭയപ്പെടുന്നതെന്ന് ഷിൻഡേ ചോദിച്ചു. സഞ്ജയ് റാവത്ത് തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഒന്നിനേയും പേടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
‘താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് റാവത്ത് പറഞ്ഞു, അതിനാൽ അദ്ദേഹം ഭയപ്പെടേണ്ട കാര്യമില്ല.’ ഇഡിയുടെ നടപടികളിൽ ആർക്കെങ്കിലും ഭയമുണ്ടെങ്കിൽ അവർ ഞങ്ങളിലോ ബിജെപിയിലോ ചേരരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇഡി നേരത്തെ അന്വേഷണം നടത്തിയിരുന്നു. കേന്ദ്ര സർക്കാരിനെ ഭയന്നാണ് ഇഡി പ്രവർത്തിക്കുന്നതെങ്കിൽ, സുപ്രീം കോടതി ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും അന്വേഷണ ഏജൻസി അവരുടെ ജോലി ചെയ്യുന്നുവെന്നും ഷിൻഡെ പറഞ്ഞു. രാഷ്ട്രീയ പകപോക്കലിന്റെ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂലൈ 31 ഞായറാഴ്ച രാവിലെയാണ് ഇഡി സംഘം മുംബൈയിലെ സഞ്ജയ് റാവത്തിന്റെ വസതിയിൽ റെയ്ഡിന് എത്തിയത്. 1034 കോടിയുടെ പത്ര ചൗൾ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സഞ്ജയ് റാവത്തിനെതിരെ അന്വേഷണം നടക്കുന്നത്. കേസിൽ സഞ്ജയ് റാവത്തിന്റെ ചില സ്വത്തുക്കൾ ഇഡി കഴിഞ്ഞ ഏപ്രിലിൽ കണ്ടുകെട്ടിയിരുന്നു.

