തൃശ്ശൂര്‍: അതിരപ്പിള്ളി വൈശേരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. അതിരപ്പിള്ളി പുല്ലേര്‍കാട്ട് മോഹനന്‍ (65) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടേമുക്കാലോടെ വീടിന് സമീപമെത്തിയ കാട്ടാനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ മോഹനനെ ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പുലർച്ചെ മോഹനന്റെ വീടിന് സമീപമെത്തിയ ആനയെ കണ്ട് അയല്‍വാസികള്‍ നിലവിളിച്ചിരുന്നു. ഈ ശബ്ദം കേട്ട് ആന എവിടെയാണെന്നറിയാന്‍ മുറ്റത്തേക്കിറങ്ങിയ മോഹനന് നേരെ ഇരുട്ടിൽ നിന്നും ആന പാഞ്ഞടുത്ത് ചവിട്ടുകയായിരുന്നു. ആന സംഭവസ്ഥലത്തു നിന്നും മാറിയ ശേഷമാണ് നാട്ടുകാർക്ക് മോഹനനെ ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചത്.
പ്രദേശത്ത് കാട്ടാന ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസവും മോഹനന്റെ വീട്ടുവളപ്പില്‍ കാട്ടാനയെത്തുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ജനവാസ മേഖലയായ ഇവിടെ കാട്ടാനയിറങ്ങുന്നത് പതിവായി മാറിയിരിക്കുകയാണ്. ഒരു വര്‍ഷത്തിനിടെ ഈ പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ പൊലിയുന്ന ആറാമത്തെ ജീവനാണ് മോഹനന്റേത്.

