Friday, September 18, 2026

പിണറായിയെ വെറുതെ വിടില്ല. അടിയന്തര നടപടി വേണം. തെളിവുകള്‍ പുറത്തുവിടുമെന്ന് മുന്നറിയിപ്പുമായി സ്വപ്ന സുരേഷ്

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ അതീവ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വീണ്ടും രംഗത്ത്. പിണറായി വിജയനെതിരെ അടിയന്തരമായി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസില്‍ നേരിട്ട് നിവേദനം നല്‍കിയതായി സ്വപ്ന വെളിപ്പെടുത്തി.

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എം. ശിവശങ്കര്‍ തനിക്ക് കൈമാറിയ നിര്‍ണായക രേഖകളും ഡിജിറ്റല്‍ തെളിവുകളും ശബ്ദസന്ദേശങ്ങളും ഉടന്‍ തന്നെ പൊതുസമൂഹത്തിന് മുന്നില്‍ പുറത്തുവിടുമെന്ന് അവര്‍ പറഞ്ഞു. ഇതിലൂടെ മുന്‍ മുഖ്യമന്ത്രിയും കുടുംബവും നേരിട്ട് പ്രതിക്കൂട്ടിലാകുമെന്നും, തന്റെ ജീവിതം തകര്‍ത്ത പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രമേ മുന്നിലുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പിണറായി വിജയനും കുടുംബത്തിനും അമേരിക്കയിലും യു.എ.ഇയിലും വന്‍ ബിസിനസ് സംരംഭങ്ങളുണ്ട്. ചികിത്സയ്‌ക്കെന്ന വ്യാജേന നടത്തുന്ന വിദേശയാത്രകള്‍ യഥാര്‍ത്ഥത്തില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കു വേണ്ടിയുള്ളതാണ്.

ഭരണപരമായ തിരക്കുകള്‍ കാരണം ബിസിനസ് തന്ത്രങ്ങള്‍ മെനയാന്‍ സമയം കിട്ടാത്തതിനാലാണ് പിണറായി തന്റെ വിദേശയാത്രകളില്‍ ഭാര്യയെ കൂടെക്കൂട്ടുന്നത്. പാര്‍ട്ടിയേക്കാളും ഭരണത്തേക്കാളും ശക്തയായ വ്യക്തി അദ്ദേഹത്തിന്റെ ഭാര്യയാണ്. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, കെ-ഫോണ്‍, കെ-റെയില്‍, സി.എം.ആര്‍.എല്‍ – എക്‌സാലോജിക് തുടങ്ങി എല്ലാ അഴിമതികള്‍ക്കും പിന്നില്‍ ഒരേ പ്രവര്‍ത്തന രീതിയാണ്. നിലവില്‍ കേസും 164 മൊഴിയും കോടതിയുടെ പരിഗണനയിലായതിനാലാണ് തെളിവുകള്‍ ഇത്രയും കാലം പരസ്യപ്പെടുത്താതിരുന്നത്. അന്വേഷണത്തില്‍ തടസ്സങ്ങളോ സ്വാധീനങ്ങളോ ഉണ്ടായാല്‍ ശിവശങ്കര്‍ നല്‍കിയ തെളിവുകള്‍ മുഴുവന്‍ മാധ്യമങ്ങള്‍ വഴി പുറത്തുവിടും.

ഭരണ-പ്രതിപക്ഷ മാറ്റങ്ങള്‍ക്കിടയില്‍ കേസ് അട്ടിമറിക്കപ്പെടാതിരിക്കാനാണ് നിലവിലെ മുഖ്യമന്ത്രി സതീശന് നിവേദനം നല്‍കിയതെന്നും, എത്ര വ്യാജ കേസുകള്‍ വന്നാലും സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുമെന്നും സ്വപ്ന വ്യക്തമാക്കി.

Related Articles

Latest Articles