സൗദി അറേബ്യയിലെ അബഹ, ഖാമിസ് മുഷൈത്ത്, തായിഫ് മേഖലകളിലാണ് ആക്രമണമുണ്ടായത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പതിച്ച് വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും, 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സംഘർഷം ആരംഭിച്ചതിന് ശേഷം മക്കയിലും അപായ മുന്നറിയിപ്പ് നൽകിയതായാണ് സൂചന.അതേസമയം, സംഘർഷം കരയിൽ മാത്രം ഒതുങ്ങുന്നില്ലെന്ന ആശങ്കയും ശക്തമാകുകയാണ്. ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെയും വ്യോമാക്രമണമുണ്ടായി. കപ്പലിലെ 23 ജീവനക്കാരെ ഒമാൻ നാവികസേന രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.
ചെങ്കടലിലെ സുരക്ഷയും അന്താരാഷ്ട്ര കപ്പൽ ഗതാഗതവും വീണ്ടും ആശങ്കയിലായിരിക്കുകയാണ്.ലോക വ്യാപാരത്തിന് നിർണായകമായ കടൽപാതയാണ് ബാബ് അൽ മന്ദബ് കടലിടുക്കും ചെങ്കടലും. ഈ മേഖലയിലെ സുരക്ഷാ ഭീഷണി വർധിച്ചാൽ കപ്പൽ ഗതാഗതച്ചെലവും ചരക്ക് നീക്ക സമയവും ഉയരാൻ സാധ്യതയുണ്ട്. അതിന്റെ പ്രതിഫലനം ആഗോള വ്യാപാരത്തിലും എണ്ണവിലയിലും അനുഭവപ്പെടാം.ൾഫ് മേഖലയുമായുള്ള ഇന്ത്യയുടെ വ്യാപാം ഊർജ ബന്ധവും ചെങ്കടലിലൂടെയുള്ള കടൽപാതകളുടെ പ്രാധാന്യവും കണക്കിലെടുക്കുമ്പോൾ, ഈ സംഘർഷം പശ്ചിമേഷ്യയിലെ ഒരു പ്രാദേശിക പ്രശ്നം മാത്രമല്ല. മേഖലയിൽ സമാധാനം നിലനിർത്തുകയും കടൽപാതകളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളുടെ സാമ്പത്തിക താൽപര്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമായി മാറുകയാണ്.
സംഘർഷം എത്രത്തോളം വ്യാപിക്കും എന്നതാണ് ഇനി നിർണായകം. മിസൈൽ,ഡ്രോൺ ആക്രമണങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് കടൽവ്യാപാര പാതകളിലേക്ക് വ്യാപിക്കുന്ന സാഹചര്യം തുടർന്നാൽ അതിന്റെ പ്രത്യാഘാതം സൗദിയിലോ ഗൾഫ് മേഖലയിലോ മാത്രം ഒതുങ്ങില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗൾഫ് സുരക്ഷ എന്നാൽ ഊർജസുരക്ഷയും കടൽവ്യാപാര സുരക്ഷയും വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷയും കൂടിയാണ്. അതുകൊണ്ട് സൗദിയിലെ അപായ സൈറൺ മുഴങ്ങുമ്പോൾ അതിന്റെ പ്രതിധ്വനി കേൾക്കുന്നത് മിഡിൽ ഈസ്റ്റിൽ മാത്രമല്ല ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലും ഇന്ത്യൻ മഹാസമുദ്രത്തിലെ വ്യാപാരപാതകളിലും കൂടിയാണ്.

