തിരുവനന്തപുരം : ശശി തരൂരിനെ ഒപ്പം നിർത്താൻ സിപിഎം. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി മുൻകൈയെടുത്ത് ദുബായിൽ ആണ് ചർച്ചകൾ പുരോഗമിക്കുന്നത് എന്നാണ് വിവരം. ഇന്ന് രാവിലെയാണ് ശശി തരൂര് ദുബായിലേക്ക് തിരിച്ചത്. 27ന് കോണ്ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ആ യോഗത്തിൽ തരൂര് പങ്കെടുക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
മഹാപഞ്ചായത്തിലെ അപമാനഭാരത്തില് പാര്ട്ടിയോടകന്നു നില്ക്കുന്ന ശശി തരൂരിനെ അനുനയിപ്പിക്കാന് ഹൈക്കമാന്ഡ് നീക്കം തുടങ്ങിയിരിക്കുകയാണ്. പിണക്കം മാറ്റാന് രാഹുല് ഗാന്ധി തന്നെ തരൂരിനോട് സംസാരിക്കുമെന്ന വിവരവും പുറത്തുവന്നിരുന്നു. തരൂരിനെ കോണ്ഗ്രസ് അകറ്റി നിര്ത്തില്ലെന്നും തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള് റിസ്ക് എടുക്കാന് പാര്ട്ടിയില്ലെന്നും ഉള്ള നിലപാടിലാണ് നേതൃത്വം.
മഹാപഞ്ചായത്ത് വേദിയിലുണ്ടായ മോശം അനുഭവത്തില് തരൂർ നേതൃത്വവുമായി അകലത്തിലാണ്. പാര്ലമെന്റ് സമ്മേളനത്തിന് മുന്പ് നേതാക്കള് സംസാരിക്കുമെന്നാണ് എഐസിസി വൃത്തങ്ങള് നല്കുന്ന സൂചന. തരൂരിനെ കാണാനുള്ള താല്പര്യം രാഹുല് ഗാന്ധി അറിയിച്ചതായാണ് വിവരം. എന്നാല് തരൂര് മറുപടി നല്കിയിട്ടില്ല. സംസ്ഥാന നേതാക്കളുടെയും എഐസിസി നേതാക്കളുടെയും അനുനയത്തിന് വഴങ്ങാത്ത തരൂരിനോട് രാഹുല് ഗാന്ധി തന്നെ സംസാരിക്കണമെന്നാണ് പൊതു വികാരം.

