തിരുവനന്തപുരം : റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസിനും ജന്മഭൂമി ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപർ പി. നാരായൺജിയ്ക്കും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ. ബോളിവുഡ് നടൻ ധർമ്മേന്ദ്രയ്ക്കും വയലിനിസറ്റ് എൻ. രാജത്തെയും പത്മവിഭൂഷൺ ബഹുമതി നൽകി രാജ്യം ആദരിക്കും. മമ്മൂട്ടി, വെള്ളാപ്പള്ളി നടേശൻ എന്നിവർക്കു പത്മഭൂഷൺ ലഭിച്ചിട്ടുണ്ട്. 13 പേർക്കാണ് ഇത്തവണ പത്മഭൂഷൺ.
മരണാനന്തര ബഹുമതിയായിട്ടാണ് വി എസിന് പത്മവിഭൂഷൺ സമ്മാനിക്കുക. കേരളത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ മേഖലയ്ക്ക് നൽകിയ സംഭാവനകളുടെ പേരിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 2006 മുതൽ 2011 വരെ കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന വി എസ്, പ്രതിപക്ഷ നേതാവായും സി പി എം സംസ്ഥാന സെക്രട്ടറിയായും കേരളത്തിന്‍റെ സമസ്ത മേഖലകളിലും വലിയ മാറ്റത്തിന് വേണ്ടി പോരാടിയ നേതാവായിരുന്നു.
സുപ്രീം കോടതി ജസ്റ്റിസ് എന്നതിനൊപ്പം സാമൂഹ്യ രാഷ്ട്രീയ മേഖലയിൽ നടത്തിയ ഇടപെടലിനാണ് ജസ്റ്റിസ് കെ ടി തോമസിന് പുരസ്കാരം. സാഹിത്യ വിഭാഗത്തിലാണ് പി നാരായൺജിയ്ക്ക് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ജന്മഭൂമി ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപർ ആയിരുന്നു. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ആര്‍ എസ് എസ് പ്രവര്‍ത്തകരില്‍ ഒരാളായ നാരായൺജി ബി ജെ പിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി (1967-77), ദേശീയ നിര്‍വാഹക സമിതിയംഗം തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആർ എസ് എസിന്‍റെ കേരളത്തിലെ താത്വികാചാര്യൻ എന്ന നിലയിലും നാരായൺജി അറിയപ്പെടാറുണ്ട്.

