Thursday, September 24, 2026

പട്ടിണി സമരം നീണ്ടാൽ പണി പാളുമെന്ന് ഭയം; സർക്കാർ തീരുമാനം വരും മുൻപേ പിൻവാങ്ങി! നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ന്യൂദില്ലി: കേന്ദ്ര സർക്കാരുമായി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നിരാഹാര സമരം അവസാനിപ്പിച്ച് അഭിജിത് ദീപ്കെ. സമരം വിജയിക്കും വരെ പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു ആദ്യം ദീപ്കെ. എന്നാൽ പട്ടിണി സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ സമരത്തിൽ നിന്ന് പിന്മാറാനാണ് ദീപ്കെ തീരുമാനിച്ചത്.

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി ചർച്ച നടത്താനായി സിജെപി നേതാക്കൾ സമരപ്പന്തൽ വിട്ടതിനു പിന്നാലെയാണ് ദീപ്കെ നിരാഹാരം അവസാനിപ്പിച്ചത്. സാധാരണയായി ചർച്ചകൾക്ക് ശേഷം തീരുമാനമുണ്ടാകുമ്പോഴാണ് സമരങ്ങൾ അവസാനിപ്പിക്കാറുള്ളത്. എന്നാൽ ഇത്തവണ അതിന് മുമ്പേ സമരം അവസാനിപ്പിച്ചതാണ് ശ്രദ്ധേയമായിരിക്കുന്നത്.

പാറ്റാ പാർട്ടിയുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കില്ലെന്ന സൂചനകൾ ലഭിച്ചതോടെയാണ് ദീപ്കെ പിന്മാറിയതെന്നാണ് വിലയിരുത്തൽ. സമരം ഇനിയും നീണ്ടാൽ അത് അനിശ്ചിതമായി തുടരുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആരോഗ്യമന്ത്രി ഇടപെടുന്നതിനെതിരെ നേരത്തെ ചോദ്യങ്ങൾ ഉയർത്തിയിരുന്ന പാറ്റാ പാർട്ടി, പിന്നീട് കൂടുതൽ കടുത്ത നിലപാട് സ്വീകരിച്ചാൽ ചർച്ചകൾ തന്നെ പ്രതിസന്ധിയിലാകുമെന്ന വിലയിരുത്തലിലാണ് ചർച്ചയ്ക്ക് തയ്യാറായത്.

ഇതിനിടെ, ദില്ലിയിൽ പാറ്റാ പാർട്ടി നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ ദില്ലി പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും ലാത്തിച്ചാർജ് നടത്തി. അനുമതി തേടാതെയായിരുന്നു പാർലമെന്റിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. പ്രതിഷേധം അക്രമാസക്തമാകുമെന്ന ആശങ്കയെ തുടർന്നാണ് പോലീസ് നടപടിയെന്നാണ് വിവരം.

റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ നടപടിയിൽ പ്രതിഷേധക്കാർ ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ഇന്ന് ആരംഭിച്ചതോടെ ദില്ലിയിൽ സുരക്ഷ കർശനമാക്കിയിരിക്കുകയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാജീവ് ചൗക്ക്, ജൻപഥ്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, സേവാ തീർത്ഥ് എന്നീ പ്രധാന മെട്രോ സ്റ്റേഷനുകളും താൽക്കാലികമായി അടച്ചിട്ടിട്ടുണ്ട്.

Related Articles

Latest Articles