Monday, April 29, 2024
spot_img

കാസർകോട് ബേക്കലിൽ വൻ സ്വർണ്ണ വേട്ട; രണ്ട് കോടിയോളം രൂപ വിലവരുന്ന സ്വർണ്ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കാസര്‍കോട്: കാസർകോട് ബേക്കലിൽ വൻ സ്വർണ്ണ വേട്ട. കാറിലെ രഹസ്യ അറയിൽ കടത്തുകയായിരുന്ന സ്വർണവുമായി കർണാടക സ്വദേശികളാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

ബേക്കൽ പള്ളിക്കര ടോൾബൂത്തിന് സമീപത്ത് നിന്നും ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സ്വർണം പിടികൂടിയത്. കർണാടക ബൽഗാം സ്വദേശികളായ തുഷാർ, ജ്യോതിറാം എന്നിവരാണ് കസ്റ്റംസിൻ്റെ പിടിയിലായത്. കോഴിക്കോട് നിന്ന് വരികയായിരുന്ന കർണാടക രജിസ്ട്രേഷൻ കാറിൽ പിൻ സീറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കട്ടകളാക്കി കടത്താനായിരുന്നു ശ്രമം. പള്ളിക്കര ടോൾ ഗേറ്റിന് സമീപത്ത് നിന്നാണ് അസിസ്റ്റൻ്റ് കമ്മീഷണർ ഇ വികാസിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്വർണം പിടികൂടിയത്.

കർണാടക രജിസ്ട്രേഷനിലുള്ള കാറും കസ്റ്റ‍ഡിയിലെടുത്തിട്ടുണ്ട്. ആരാണ് സ്വർണം നൽകിയതെന്നും ആർക്ക് ആർക്ക് കൈമാറാനാണ് കൊണ്ടുപോയതെന്നതടക്കമുള്ള കാര്യങ്ങൾ വിശദമായ ചോദ്യം ചെയ്യലിലേ വ്യക്തമാകൂവെന്ന് ഉദ്യോഗസ്ഥർ പറ‌‌ഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരി നാലിന് പതിനഞ്ചര കിലോഗ്രാം സ്വർണം കാസർ​ഗോഡ് കസ്റ്റംസ് പിടികൂടിയിരുന്നു.

Related Articles

Latest Articles