ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ തിരക്കിൽപ്പെട്ട് സ്ത്രീ മരിച്ച സംഭവവുമായി ബന്ധപ്പെട്ട നരഹത്യാക്കേസിൽ നടൻ അല്ലു അര്‍ജുന് ഉപാധികളോടെ സ്ഥിരം ജാമ്യം അനുവദിച്ച് കോടതി. വിചാരക്കോടതിയായ നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് അല്ലു അര്‍ജുന് സ്ഥിരം ജാമ്യം അനുവദിച്ചിരിക്കുന്നത്. അമ്പതിനായിരം രൂപയും രണ്ടാൾ ജാമ്യവും എന്നീ രണ്ട് വ്യവസ്ഥകളോടെയാണ് സ്ഥിരം ജാമ്യം അനുവദിച്ചിരിക്കുന്നത്. അല്ലു അർജുന് തെലങ്കാന ഹൈക്കോടതി നേരത്തെ ജനുവരി ആദ്യ ആഴ്ച വരെ ഇടക്കാല ജാമ്യം നൽകിയിരുന്നു.
ഡിസംബര്‍ നാലിനാണ് അല്ലു അർജുൻ നായകനായ പുഷ്പ-2 സിനിമയുടെ പ്രീമിയര്‍ ഷോക്കിടെ സന്ധ്യ തിയറ്ററിൽ തിരക്കിൽപ്പെട്ട് ദുരന്തമുണ്ടായത്. പ്രദര്‍ശനം നടന്ന തിയറ്ററിലേക്ക് അല്ലു അര്‍ജുൻ എത്തിയതോടെ തിയേറ്ററിൽ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്നഗര്‍ സ്വദേശിനി രേവതി ആണ് മരിച്ചത്. കേസിൽ ഡിസംബര്‍ 13നാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്.
അന്ന് രാത്രിയോടെ തന്നെ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും ഉത്തരവ് ലഭിക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടി പിറ്റേദിവസമാണ് അല്ലു അര്‍ജുനെ ജയിൽ അധികൃതര്‍ പുറത്തിറക്കിയത്. അന്ന് അരലക്ഷം രൂപയുടെ ബോണ്ടിലാണ് നാലാഴ്ചത്തേക്ക് ജാമ്യം നൽകിയത്. ഇടക്കാല ജാമ്യത്തിന്‍റെ കാലാവധി തീരുന്നതിന് മുമ്പാണിപ്പോള്‍ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം ലഭിക്കുന്നത്.

