Friday, May 17, 2024
spot_img

വനിതാ ഫുട്ബോൾ ലോകകപ്പ്; സ്‌പെയ്‌നിനെതിരെ തകർപ്പൻ വിജയവുമായി ജപ്പാൻ പ്രീ ക്വാര്‍ട്ടറിൽ

വെല്ലിങ്ടണ്‍ : സ്‌പെയ്‌നിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തകര്‍ത്ത് ജപ്പാൻ വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ടീമിന്റെ പ്രീ ക്വാര്‍ട്ടർ പ്രവേശനം. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ സ്‌പെയ്‌നും നോക്കൗട്ടിലെത്തിയിട്ടുണ്ട്.

മത്സരത്തിൽ ഹിനറ്റ മിയാസാവ ഇരട്ട ഗോളുകളുമായി തിളങ്ങി. 12-ാം മിനിറ്റില്‍ തന്നെ മിയാസാവയിലൂടെ ജപ്പാന്‍ മുന്നിലെത്തി. പിന്നാലെ 29-ാം മിനിറ്റില്‍ റികോ ഉയെകി ജപ്പാന്റെ ലീഡുയര്‍ത്തി. 40-ാം മിനിറ്റില്‍ മിയാസാവ തന്റെ രണ്ടാം ഗോള്‍ നേടി . തുടർന്ന് 82-ാം മിനിറ്റില്‍ മിന ടനാക ജപ്പാന്റെ നാലാം ഗോൾ വലയിലെത്തിച്ചു. ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ സാംബിയ ഒന്നിനെതിരേ മൂന്ന് ഗോളിന് കോസ്റ്ററീക്കയെ പരാജയപ്പെടുത്തി. ഇരുടീമും നേരത്തേ തന്നെ പുറത്തായിരുന്നു.

ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയയോട് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തോറ്റ കാനഡ പുറത്തായി. വിജയത്തോടെ ഓസ്‌ട്രേലിയ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഹായ്‌ലി റാസോയുടെ ഇരട്ട ഗോളുകളാണ് ഓസ്‌ട്രേലിയക്ക് വമ്പന്‍ ജയമൊരുക്കിയത്. ഒമ്പതാം മിനിറ്റിലും 39-ാം മിനിറ്റിലുമാണ് ഹായ്‌ലി സ്‌കോർ ചെയ്തത്. 58-ാം മിനിറ്റില്‍ മേരി ഫൗളറും ഇന്‍ജുറി ടൈമില്‍ സ്‌റ്റെഫാനി കാറ്റ്‌ലിയും പന്ത് വലയിലെത്തിച്ചു. നൈജീരിയയാണ് ഗ്രൂപ്പ് ബിയില്‍ നിന്ന് നോക്കൗട്ടിലെത്തിയ രണ്ടാമത്തെ ടീം.

ജപ്പാന്‍, സ്‌പെയ്ന്‍, ഓസ്‌ട്രേലിയ, നൈജീരിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വെ എന്നിവരാണ് നിലവിൽ പ്രീ ക്വാര്‍ട്ടറിലെത്തിയ ടീമുകള്‍.

Related Articles

Latest Articles