Sunday, May 12, 2024
spot_img

സ്ത്രീകളുടെ നേതൃശക്തി രാഷ്ട്രപുരോഗതിയിലും പ്രകടമാകണം, ധർമ്മത്തെ തകർക്കാൻ വന്നവർക്ക് ചരിത്രത്തിൽ നിലനിൽപ്പുണ്ടായിരുന്നില്ല, രാജ്യത്തുടനീളം സ്ത്രീശക്തിസമ്മേളനങ്ങള്‍ സംഘടിപ്പിക്കാൻ ആർ എസ് എസ്

പൂനെ: സമൂഹത്തിന്റെ എല്ലാ മേഖലയിലും സ്ത്രീകള്‍ നേതൃപരമായ പങ്ക് വഹിക്കണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. സ്ത്രീമുന്നേറ്റം സാധ്യമാക്കാന്‍ ആര്‍എസ്എസ് വിവിധക്ഷേത്രസംഘടനകള്‍ പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൂനെയില്‍ കഴിഞ്ഞ ദിവസം സമാപിച്ച രണ്ട് ദിവസത്തെ അഖിലഭാരതീയ സമന്വയ ബൈഠക്ക് ഈ വിഷയം ചര്‍ച്ച ചെയ്തുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാരധാരയനുസരിച്ച് സമാജിക പുരോഗതിയുടെ അടിസ്ഥാന ഘടകം കുടുംബമാണ്. കുടുംബങ്ങളെ നയിക്കുന്ന സ്ത്രീകളുടെ നേതൃശേഷി രാഷ്‌ട്രപുരോഗതിയിലും ദൃശ്യമാകണം. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സ്ത്രീശക്തിയുടെ സക്രിയത അഭിനന്ദനാര്‍ഹമാണ് എന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ മേഖലയിലെയും മഹിളകളെ ഒരുമിച്ചുചേര്‍ക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം 411 സ്ത്രീശക്തിസമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ഇതുവരെ 12 സംസ്ഥാനങ്ങളിലായി 73 സമ്മേളനങ്ങള്‍ സംഘടിപ്പിച്ചുവെന്നും ഒരു ലക്ഷത്തി ഇരുപത്തിമൂവായിരത്തിലധികം സ്ത്രീകള്‍ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

ധര്‍മ്മത്തെ തകര്‍ക്കണമെന്ന ആഗ്രഹത്തോടെ പ്രാചീനകാലം മുതല്‍ പലരും രംഗത്തുവന്നിട്ടുണ്ടെന്നും അവര്‍ക്കൊന്നും നിലനില്പുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സനാതനധര്‍മ്മത്തെ ഇല്ലാതാക്കുമെന്ന് പറയുന്നവര്‍ക്ക് അതിന്റെ അര്‍ത്ഥമെന്തെന്ന് മനസ്സിലായിട്ടുണ്ടാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ധര്‍മ്മമെന്നത് ഈ രാഷ്ട്രത്തിന്റെ ആദ്ധ്യാത്മിക ജീവിതസമ്പ്രദായമാണ്. അതുതന്നെയാണ് ഹിന്ദുത്വം. സനാതനം അതിന്റെ വിശേഷണമാണ്. ധര്‍മ്മത്തിന് ച്യുതി ഉണ്ടാകുമ്പോഴെല്ലാം ഭാരതത്തില്‍ നവോത്ഥാനനായകര്‍ മുന്നോട്ടുവരുകയും സമാജത്തെ ധര്‍മ്മത്തില്‍ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യും.

എപ്പോഴൊക്കെ ധര്‍മ്മഗ്ലാനി ഉണ്ടാകുന്നോ അപ്പോഴെല്ലാം താന്‍ അവതരിക്കുമെന്ന ഭഗവാന്‍ ശ്രീകൃഷ്ണന്റെ വാക്കുകളും അതാണ് സൂചിപ്പിക്കുന്നത്. ധര്‍മ്മം മതമല്ല, ജീവിതത്തെ മുന്നോട്ടു നയിക്കുന്ന മൂല്യമാണ്. ഈശ്വരസാക്ഷാത്കാരത്തിന് ഓരോ വ്യക്തിക്കും അവരവരുടേതായ സമ്പ്രദായങ്ങളുണ്ട്. അത്തരം വിശ്വാസങ്ങള്‍ക്ക് പരമസ്വാതന്ത്ര്യമുള്ള ആത്മീയ ജനാധിപത്യമാണ് ധര്‍മ്മത്തിന്റെ സവിശേഷത. ഒരേ ചൈതന്യത്തെ പല ആവിഷ്‌കാരങ്ങളിലൂടെ ഉപാസിക്കാനുള്ള സ്വാതന്ത്ര്യമാണ്. വിവിധതയിലെ ഈ ഏകതയാണ് ഭാരതത്തിന്റെ സവിശേഷത എന്ന് മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

Related Articles

Latest Articles