Thursday, May 9, 2024
spot_img

കന്നിമാസ പൂജ; ശബരിമല നട ഇന്ന് തുറക്കും, ഭക്തർക്ക് വൈകുന്നേരം അഞ്ച് മണി മുതൽ ദർശനം; നിലയ്ക്കലിലെ പാചകവാതക ഗോഡൗണിന്റെ ശിലാസ്ഥാപനം ഇന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ നിര്‍വ്വഹിക്കും

പത്തനംതിട്ട: കന്നിമാസ പൂജകൾക്കായി ശബരിമല തിരുനട ഇന്ന് തുറക്കും. വൈകിട്ട് 5-ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി തെളിയിക്കും. ഇതിനുശേഷമായിരിക്കും ഭക്തർക്ക് പ്രവേശനം അനുവദിക്കുക.

ഇന്ന് പ്രത്യേക പൂജകളൊന്നും ഉണ്ടാകില്ല. നാളെ മുതൽ എല്ലാ ദിവസവും പുലർച്ചെ 4.30ന് ദേവന് പളളിയുണർത്തും. 5-ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും. കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാഗണപതിഹോമം, നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉദയാസ്തമനപൂജ, ഉഷഃപൂജ, ലക്ഷാർച്ചന, കലശാഭിഷേകം, ഭസ്മാഭിഷേകം, കളഭാഭിഷേകം എന്നിവ നടക്കും. ശേഷം 22- ന് രാത്രി 10 ന് നടയടയ്‌ക്കും. ശേഷം തുലാമാസ പൂജകൾക്കായി ഒക്ടോബർ 17 ന് നട തുറക്കും. ഒക്ടോബർ 18 ന് സന്നിധാനത്തെയും മാളികപ്പുറത്തെയും മേൽശാന്തിമാരുടെ തിരഞ്ഞെടുപ്പ് നടക്കും.

അതേസമയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിക്കുന്ന നിലയ്ക്കലിലെ പാചകവാതക ഗോഡൗണിന്റെ ശിലാസ്ഥാപനം ഇന്ന് വൈകുന്നേരം 04 മണിക്ക് നടക്കും. നിലയ്ക്കലില്‍ നടക്കുന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പാചകവാതക ഗോഡൗണിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലയ്ക്കലില്‍ ആരംഭിക്കുന്ന പാചകവാതക ഗോഡൗണിനും വിതരണ കേന്ദ്രത്തിനും ‘ശ്രീ മഹാദേവ ഗ്യാസ് ഏജന്‍സി’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ.എസ്.എസ്.ജീവന്‍, ജി.സുന്ദരേശന്‍, ദേവസ്വം കമ്മീഷണര്‍ ബി.എസ്.പ്രകാശ്, ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി.ബൈജു, ചീഫ് എഞ്ചീനിയര്‍ ആര്‍.അജിത്ത്കുമാര്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.കൃഷ്ണകുമാര്‍, പെരുനാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, നിലയ്ക്കല്‍ വാര്‍ഡ് മെമ്പര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

Related Articles

Latest Articles