Monday, May 20, 2024
spot_img

”ചൈനയ്ക്ക് മുന്നിൽ മുട്ടുമടക്കില്ല, പ്രതിരോധം കൂടുതൽ ശക്തമാക്കും”; തുറന്നടിച്ച് തായ്‌വാൻ പ്രസിഡന്റ്

ബെയ്‌ജിങ്‌: ചൈനയ്ക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് തായ്‌വാൻ പ്രസിഡന്റ് സായ് ഇൻ-വെൻ (Taiwan president Tsai Ing-wen). ദേശീയ ദിന റാലിയിലായിരുന്നു പ്രസിഡന്റിന്റെ ആഹ്വാനം. തായ്വാനുമായി ഒരാഴ്ച നീണ്ടുനിന്ന സംഘർഷത്തിനുശേഷം, സമാധാനപരമായ ഏകീകരണം യാഥാർത്ഥ്യമാക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു തായ്‌വാൻ പ്രസിഡന്റിന്റെ പ്രതികരണം.

ചൈന മുന്നോട്ടുവച്ച പാത ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും, മേഖലയിൽ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രസിഡന്റ് സായ് ഇംഗ്-വെൻ തുറന്നടിച്ചു. അതേസമയം തായ്‌വാൻ കടലിടുക്കിലുടനീളമുള്ള സംഘർഷങ്ങൾ ചൈന ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എന്നാൽ തായ്‌വാൻ തിടുക്കത്തിൽ ഒരു കാര്യവും മേഖലയിൽ നടത്തില്ലെന്നും ആവർത്തിച്ചു.

ചൈന സ്വന്തം പ്രദേശം എന്ന് അവകാശപ്പെടുന്ന തായ്‌വാനിലേക്ക് ഏകദേശം 150 ചൈനീസ് എയർ ഫോഴ്സ് എയർക്രാഫ്റ്റുകൾ ഒക്ടോബർ 1 മുതൽ നാലുദിവസത്തിനുള്ളിൽ ചൈന പറത്തിയിരുന്നു. തായ്‌വാനിലെ സായുധ സേനയെ പ്രകോപിപ്പിക്കാനും പ്രതികരിക്കാനുള്ള അവരുടെ കഴിവ് പരീക്ഷിക്കാനുമാണ് ചൈന ശ്രമിക്കുന്നതെന്ന് വർഷങ്ങളായി തായ്‌വാൻ പരാതിപ്പെടാറുണ്ട്. ഇതിനെ തുടർന്ന് തായ്‌വാൻ സൈനിക ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ല എന്നും പക്ഷേ അതിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും കഴിഞ്ഞ ദിവസം തായ്‌വാൻ പ്രസിഡന്റ് സായ് ഇൻ-വെൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

അതേസമയം ബീജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിളിൽ സംസാരിക്കവെയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് തായ്‌വാൻ-ചൈന പ്രശ്നത്തിൽ അഭിപ്രായം പറഞ്ഞത്. ചൈനീസ് ജനതയ്ക്ക് വിഘടനവാദത്തെ എതിർക്കുന്നതിനുള്ള മഹത്തായ പാരമ്പര്യമുണ്ടെന്ന് ഷി പറഞ്ഞു. ചൈന 1911 ലെ സിൻഹായ് വിപ്ലവത്തിന്റെ 110 -ാം വാർഷികം ആഘോഷിക്കുകയാണ്. 1911 -ലെ അവസാന സാമ്രാജ്യത്വ രാജവംശത്തെ അട്ടിമറിച്ച വിപ്ലവത്തിന്റെ വാർഷികത്തിൽ, തായ്‌വാൻ സ്വാതന്ത്ര്യ വിഘടനവാദമാണ് മാതൃരാജ്യത്തിന്റെ ഏകീകരണം കൈവരിക്കുന്നതിനുള്ള ഏറ്റവും വലിയ തടസ്സം, ദേശീയ പുനരുജ്ജീവനത്തിനുള്ള ഏറ്റവും ഗുരുതരമായ മറഞ്ഞിരിക്കുന്ന അപകടമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles