Sunday, May 19, 2024
spot_img

കാത്തുവയ്ക്കാം ഒരു തുള്ളിയെങ്കിലും നാളേയ്ക്കായി…. ഇന്ന് ലോക ജലദിനം

ഇന്ന് ലോക ജലദിനം (World Water Day). ഓരോ തുള്ളി ജലവും പാഴാക്കാതെ ഉപയോഗപ്പെടുത്താനുള്ള ഒരു ഓർമ്മപ്പെടുത്തൽ അതാണ് ഓരോ ജലദിനവും നമ്മെ ഓർമ്മിപ്പിക്കുന്നത്. വേനലില്‍ മാത്രം ജലം സംരക്ഷിക്കണമെന്ന തെറ്റായ ധാരണയാണ് ഇന്ന് ജനങ്ങളിലുള്ളത്. ജലം അത് അമൂല്യമാണെന്ന് തിരിച്ചറിയേണ്ടത് ജലദൗര്‍ലഭ്യം വരുമ്പോഴല്ല, മറിച്ച് ജലം കാണുമ്പോഴാണെന്ന തോന്നലാണ് യഥാര്‍ത്ഥ്യത്തില്‍ ഉണ്ടാകേണ്ടത്. സംസ്ഥാനം വരൾച്ചയുടെ പിടിയിലേക്ക് വഴുതി വീഴുന്നതിനിടെയാണ് ഈ ജലദിനം കടന്ന് പോകുന്നത്.

”GROUNDWATER MAKING THE INVISIBLE VISIBLE” എന്നതാണ്‌ ഈ വര്‍ഷത്തെ ലോക ജലദിനത്തിന്റെ ആപ്‌തവാക്യം. അദൃശ്യതയിലുള്ള ഭൂജലത്തെ ദൃശ്യതയിലേക്ക്‌ കൊണ്ടുവരണമെന്ന സന്ദേശമാണ്‌ ഈ ആപ്‌തവാക്യത്തിലൂടെ നല്‍കുന്നത്‌. അതീവ പ്രാധാന്യമുള്ള ഒരു വിഷയത്തിലേക്ക്‌ ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിന്‌ കൂടിയാണ്‌ ഈ വിഷയം പ്രമേയമായി തെരഞ്ഞെടുത്തിരിക്കുന്നത്‌. ലോകത്തില്‍ ലഭ്യമായ ജലത്തിന്റെ മൂന്ന്‌ ശതമാനം മാത്രമുള്ള ശുദ്ധജലത്തെ ആശ്രയിച്ചാണ്‌ മാനവരാശി നിലനില്‍ക്കുന്നത്‌.

ലോകമെമ്പാടും കുടിവെള്ളത്തിന്റെ ആവശ്യകതയില്‍ 50 ശതമാനവും പൂര്‍ത്തീകരിക്കുന്നത്‌ ഭൂഗര്‍ഭ ജലമാണ്‌. ഒരോ തുളളിയും സൂക്ഷിച്ച് വച്ച് നാളേയ്ക്കായി ഉപയോഗിക്കാമെന്ന ലക്ഷ്യത്തോടെ, 1993ലാണ് ഐക്യ രാഷ്ട്രസഭ ജലദിനം ആചരിച്ചുതുടങ്ങിയത്. 2050ഓടുകൂടി ലോക ജനതയില്‍ പകുതിയ്ക്കും കുടിവെള്ളം ലഭ്യമല്ലാത്ത സ്ഥിതിയുണ്ടാകുമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു തരുന്നത്.കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുകയാണ്. ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാൻ അധിക നാൾ വേണ്ടി വരില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഈ നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ശുദ്ധജല ദൗര്‍ലഭ്യം തുടര്‍ന്നാല്‍ ഒരുപക്ഷേ ലോകരാഷ്‌ട്രങ്ങള്‍ തമ്മില്‍, സംസ്ഥാനങ്ങള്‍ തമ്മില്‍, ഗ്രാമങ്ങള്‍ തമ്മില്‍ പോലും ചേരിതിരിഞ്ഞ് യുദ്ധം ചെയ്യേണ്ടിവരും. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുകയാണ്.

Related Articles

Latest Articles