ഇടത് സർക്കാരിന്റെ മുഖച്ഛായ മിനുക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്ന നവകേരള യാത്ര സർക്കാരിന് തന്നെ തിരിച്ചടിയായി കൊണ്ടിരിക്കുകയാണ്. കാരണം, കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് കേരളീയത്തിന് പിന്നാലെ നവകേരള യാത്രയ്ക്കായി മുഖ്യനും പരിവാരങ്ങളും കോടികൾ ധൂർത്തടിക്കുന്നത്. കേരളാ സർക്കാരിന്റെ ധൂർത്ത് മാധ്യമങ്ങളിലൂടെയും മറ്റും പുറത്തു വന്നിട്ടും അതിനെ ന്യായീകരിക്കുന്ന മന്ത്രി സജി ചെറിയാന്റെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച വിഷയം.
കണ്ടല്ലോ..നവകേരള സദസിൽ രാവിലെ 2 ഇഡലിയും ചമ്മന്തിയും ഉച്ചയ്ക്ക് ചോറിന്റെ കൂടെ നെയ്മീനും കൂട്ടി കഴിക്കുന്നതാണോ നിങ്ങൾ പറയുന്ന ഭക്ഷണത്തിന്റെ പേരിലുള്ള ധൂർത്തെന്നാണ് സജി ചെറിയാൻ ചോദിക്കുന്നത്. എന്നാൽ മന്ത്രിയുടെ കള്ളത്തരം, ഉടൻ തന്നെ സോഷ്യൽ മീഡിയ പൊളിച്ചടുക്കി കൈയ്യിൽ കൊടുത്തിരിക്കുകയാണ്.
ഇതാണോ മന്ത്രി സജി ചെറിയാൻ പറഞ്ഞ 2 ഇഡലിയും ചമ്മന്തിയും നെയ്‌മീനുമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. കാരണം, മന്ത്രിമാരുടെ ഭക്ഷണത്തിനായി അത്രയധികം വിഭങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ കുറച്ചു ചമ്മന്തി കൂടി എടുക്കട്ടേ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസം. എന്തായാലും, ജനങ്ങളിൽ നിന്ന് ജനങ്ങളിലേക്ക് എന്ന് പറഞ്ഞു തുടങ്ങിയ നവകേരള യാത്ര രാഷ്ട്രീയ പ്രചാരണ വേദി മാത്രമായി തീരുകയാണ്.

