ശബരിമല തീർത്ഥാടകരോടുള്ള കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിക്കുന്ന സെക്രട്ടറിയേറ്റ് മാർച്ച് നാളെരാവിലെ 11 മണിക്ക് നടക്കും . സന്നിധാനത്തെ തീർത്ഥാടക പ്രവാഹം മുൻ കൂട്ടി കാണുന്നതിലും വേണ്ടത്ര മുൻ കരുതലുകൾ എടുക്കുന്നതിലും സർക്കാരിനും പോലീസിനും വീഴ്ച സംഭവിച്ചിരിക്കുകയാണ്.
ഇന്നലെ ദർശനത്തിന് 18 മണിക്കൂർവരെ കാത്തുനിൽക്കേണ്ടിവന്നു. ഒരു ലക്ഷത്തിലേറെപ്പേരാണ് ഇന്നലെയും എത്തിയത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ദർശന സമയം ഒരു മണിക്കൂർ നീട്ടിയിട്ടും തീർത്ഥാടക തിരക്ക് കുറയുന്നില്ല. മുൻവർഷങ്ങളിൽ ഒരു ലക്ഷത്തിലേറെ തീർത്ഥാടകരെ കടത്തിവിട്ടിരുന്ന ക്രമീകരണം ഇക്കുറി ഫലപ്രദമായില്ല. തിരക്ക് നിയന്ത്രിക്കാനായി ബസുകൾ ഇന്ന് പിടിച്ചിട്ടതും തീർത്ഥാടകരെ വലച്ചു. സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം ഭക്ഷണമോ വെള്ളമോ ലഭിക്കാതെ വലയുകയാണ്. ഇന്ന് ദർശനത്തിനായി പത്ത് മണിക്കൂറോളമാണ് തീർത്ഥാടകർക്ക് കാത്തു നിൽക്കേണ്ടി വന്നത്. കെഎസ്ആർടിസി ബസുകളിൽ അറവ് മൃഗങ്ങളെപ്പോലെയാണ് തീർത്ഥാടകരെ കുത്തിക്കയറ്റുന്നത്. വൻ വിമർശനമാണ് സർക്കാരിനും ദേവസ്വം ബോർഡിനെതിരെയും ഉയരുന്നത്.

