ദില്ലി : ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റിനെതിരെ ലൈംഗികാരോപണം ഉയർത്തിയ ഗുസ്തി താരങ്ങൾ കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി രണ്ടാമതും ചർച്ച നടത്തി. ഫെഡറേഷൻ പ്രസിഡന്റ് രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. ഇന്നലെ രാത്രി മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമവായമാകാത്തതോടെയാണ് വീണ്ടും ഇന്നു വൈകിട്ട് ചർച്ച നടത്തിയത്.
ഇന്ന് വൈകുന്നേരം നാലിന് വാർത്താ സമ്മേളനം നടത്തി വിവാദവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിടുമെന്നായിരുന്നു സിങ്ങിന്റെ പ്രഖ്യാപനം. എന്നാൽ മാധ്യമങ്ങളോടു സംസാരിക്കേണ്ടെന്നു കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ നിർദേശം നൽകി. ഇതോടെ ഞായറാഴ്ചത്തേക്ക് വാർത്താ സമ്മേളനം മാറ്റിയിട്ടുണ്ട്. ഞായറാഴ്ച ചേരുന്ന യോഗത്തിന് ശേഷമായിരിക്കും വാർത്താ സമ്മേളനം. വിവാദവുമായി ബന്ധപ്പെട്ട വിശദീകരണം കായിക മന്ത്രാലയത്തിന് നൽകിയിട്ടുണ്ടെന്ന് ബ്രിജ് ഭൂഷണിന്റെ മകൻ പ്രതീക് ഭൂഷൻ വ്യക്തമാക്കി.

