Saturday, April 27, 2024
spot_img

ഇന്നും ശക്തമായ മഴക്ക് സാധ്യത, 12 ജില്ലകളിൽ യെല്ലോ അലർട്ട്; മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴുന്നു

തിരുവനന്തപുരം: സംസ്ഥാനത്തും ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിലെ കണ്ണൂർ, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. കാലാവസ്ഥാ വിഭാഗത്തിന്റെ നിലവിലെ അറിയിപ്പ് പ്രകാരം നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ഓറഞ്ച് അലർട്ടില്ലെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ബുധനാഴ്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദമാണ് തെക്കേ ഇന്ത്യൻ തീരത്ത് ശക്തമായ മഴ തുടരാൻ കാരണം. നിലവിൽ ശ്രീലങ്കയ്ക്ക് മുകളിലും തമിഴ്നാട് തീരത്തുമായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം അടുത്ത രണ്ട് ദിവസത്തേക്ക് കാര്യമായി നീങ്ങാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഇതിന് ശേഷമാകും അറബിക്കടലിലേക്ക് നീങ്ങുകയെന്നാണ് നിരീക്ഷണം.

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. ഇന്ന് രാവിലെ ജലനിരപ്പ് 138.40 അടിയായി താഴ്ന്നു. ജലനിരപ്പ് താഴുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൻറെ സ്പിൽ വേയിൽ തുറന്നു വച്ചിരിക്കുന്ന ഷട്ടറുകൾ ഇന്ന് അടച്ചേക്കും. ആറ് ഷട്ടറുകളാണ് നിലവിൽ ഉയർത്തിയിട്ടുള്ളത്. മൂന്നു ഷട്ടറുകൾ 70 സെൻറീമീറ്ററും മൂന്നെണ്ണം അൻപത് സെൻറീ മീറ്ററുമാണ് ഉയർത്തിയത്. തമിഴ്നാട് കൊണ്ടു പോകുന്നതിന് പുറമെ സ്പിൽവേയിലൂടെയും ജലം തുറന്നു വിട്ടതോടെയാണ് ജലനിരപ്പ് കുറഞ്ഞത്.

Related Articles

Latest Articles