Friday, December 26, 2025

മാഫിയകളിൽ നിന്ന് യോഗി പിടിച്ചെടുത്തത് 100 ഏക്കർ ഭൂമി, ഭൂമി പാവങ്ങൾക്ക് വീടുവയ്ക്കാൻ നൽകി | Yogi

യുപിയിൽ ബിജെപി അധികാരത്തിലെത്തിയതോടെ ജനങ്ങൾ സമാധാനത്തോടെ ജീവിക്കുന്നുവെന്ന് യോഗി ആദിത്യനാഥ് .ഉത്തർപ്രദേശിൽ നിന്നും ഗുണ്ടകളെയും കുറ്റവാളികളെയും പൂർണമായും ഇല്ലാതാക്കാനായെന്നും, 2017 ന് മുൻപ് സംസ്ഥാനത്തെ ജനങ്ങളാണ് ഗുണ്ടകളെ പേടിച്ച് സ്വന്തം മണ്ണ് വിട്ട് പോയത്. എന്നാൽ ബിജെപി വന്നതോടെ ഭരണകൂടത്തെ ഭയന്ന് ഗുണ്ടാ നേതാക്കൾ നാട് വിടാൻ തുടങ്ങിയെന്നും യോഗി പറഞ്ഞു.

സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഭരണത്തെ കുറ്റപ്പെടുത്തിക്കൊണ്ടാണ് യോഗി ഇക്കാര്യം അറിയിച്ചത്. ഈ സർക്കാരിന് കുറ്റവാളി എന്നാൽ കുറ്റവാളി തന്നെയാണ്. അതിൽ മതമോ ജാതി വ്യത്യാസമോ കലർത്താറില്ല. അവരെ വെറുതെ വിടാറുമില്ല. പ്രയാഗ് രാജിൽ 100 ഏക്കർ സ്ഥലം മാഫിയകളുടെ കയ്യിൽ നിന്നും പിടിച്ചെടുത്ത് പാവങ്ങൾക്ക് വീട് വെച്ച് നൽകിയത് ബിജെപി സർക്കാരാണെന്നും യോഗി ആദിത്യനാഥ് ഓർമ്മിപ്പിച്ചു. മാഫിയ നേതാക്കളുടെ സ്ഥലങ്ങൾ ബുൾഡോസറുകൾ ഉപയോഗിച്ചാണ് ഇടിച്ച് തകർക്കുന്നത്. 2017 ന് മുൻപ് കിരാണ പോലുള്ള പ്രദേശങ്ങളിൽ നിന്നും വ്യാപാരികൾ കൂട്ടത്തോടെ പലായനം ചെയ്ത അവസ്ഥയുണ്ടായിരുന്നു. എന്നാൽ 2017 ന് ശേഷം ഇവിടെ നിന്നും നാട് വിട്ട് പോകുന്നത് ഗുണ്ടാ നേതാക്കളാണ്.

ബിജെപി സർക്കാരിന്റെ കീഴിൽ സ്ത്രീകൾ പൂർണമായും സുരക്ഷിതരാണെന്നും യോഗി വ്യക്തമാക്കി. ഒരിക്കലും വികസിക്കില്ലെന്ന് ആളുകൾ ഉറപ്പിച്ച് പറഞ്ഞിരുന്ന ഉത്തർപ്രദേശ് ഇന്ന് വികസനക്കുതിപ്പിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, സ്ത്രീ സുരക്ഷ, കർഷക സഹായം, സദ്ഭരണം എന്നീ കാര്യങ്ങളിൽ ഉത്തർപ്രദേശ് രാജ്യത്തെ മുൻനിര സംസ്ഥാനങ്ങളിൽ ഒന്നാണ്. 5 ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലിയും 1.61 കോടി യുവാക്കൾക്ക് സ്വകാര്യ ജോലിയും സഹായവും നൽകിക്കഴിഞ്ഞു എന്നും യോഗി ചൂണ്ടിക്കാട്ടി. രാജ്യം ഉറ്റു നോക്കുന്ന ഒരു പ്രധാന നിയമ സഭാ തെരഞ്ഞെടുപ്പാണ് ഉത്തർപ്രദേശ് നിയമസഭാ തെരെഞ്ഞെടുപ്പ്.

കാരണം 403 നിയമ സഭാ സീറ്റുകളും 80 ലോക്‌സഭാ സീറ്റുകളുമാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് ശക്തമായ ആധിപത്യം സ്ഥാപിക്കുന്ന പാർട്ടി ഇന്ത്യൻ രാഷ്ട്രീയത്തിൽ എതിരാളികളില്ലാത്ത ശക്തിയാകും. നിലവിൽ ബിജെപി ക്ക് സംസ്ഥാനത്ത് ശക്തമായ വേരോട്ടമുണ്ട് 403 ൽ 312 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലുള്ളത്. 2007 ൽ അധികാരത്തിൽ വന്ന BSP യും 2012 ൽ അധികാരത്തിലിരുന്ന SP യും ഇന്ന് സംസ്ഥാനത്ത് ബഹുദൂരം പിന്നിലാണ്.

ഇതുവരെ നടന്ന പ്രീപോൾ സർവ്വേകളെല്ലാം ബിജെപി അധികാരത്തുടർച്ച നേടും എന്നാണ് പ്രവചിച്ചിട്ടുള്ളത്. കാരണം രാഷ്ട്രീയമായി ബിജെപി സംസ്ഥാനത്ത് ഏറെ മുന്നിലാണ്. കഴിഞ്ഞ തവണത്തേക്കാൾ നൂറു സീറ്റ വരെ കുറഞ്ഞാൽ പോലും ബിജെപി യെ അധികാരത്തിൽ നിന്നകറ്റുക സാധ്യമല്ല. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ബിജെപി യുടെ മുഖം മോദിയായിരുന്നു. ഈ തെരെഞ്ഞെടുപ്പിൽ ശക്തനായ ഒരു നേതാവ് സംസ്ഥാനത്തുണ്ട്. തിളക്കമാർന്ന വികസന നേട്ടങ്ങളുണ്ട്. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ബിജെപി യുടെ മുന്നേറ്റം തടയാൻ പ്രതിപക്ഷ ഐക്യമുണ്ടായിരുന്നു. എന്നാൽ ഇത്തവണ മൂന്ന് പ്രധാന പ്രതിപക്ഷ കക്ഷികളും വിവിധ ധ്രുവങ്ങളിലാണ്.

പക്ഷെ ഈ തെരെഞ്ഞെടുപ്പിൽ ശ്രദ്ധേയമായ മറ്റൊരു സംഗതി ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ തകർച്ചയാണ്. 2007 ൽ 206 സീറ്റ് നേടി അധികാരത്തിൽ വന്ന പാർട്ടി പിന്നീടു നടന്ന രണ്ട് തെരെഞ്ഞെടുപ്പുകളിലുമായി തകർന്നടിയുകയാണ്. പാർട്ടിയുടെ നിരവധി ജന പ്രതിനിധികൾ പാർട്ടി വിടുകയും മറ്റു പാർട്ടികളിലേക്ക് ചേക്കേറുകയും ചെയ്തിട്ടുണ്ട്. തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്തെ BSP ഒഴികെയുള്ള പ്രധാന പാർട്ടികളെല്ലാം പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ദേശീയ നേതാക്കളുടെ അടക്കം വമ്പൻ റാലികൾക്ക് തുടക്കമായിട്ടും ഒരുകാലത്ത് ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ വമ്പൻ സാന്നിധ്യമായിരുന്ന മായാവതിയുടെ സാന്നിധ്യം ഇതുവരെ ഉണ്ടായില്ല.

ആദ്യമായാണ് ഒരു നിയമസഭാ തെരെഞ്ഞെടുപ്പിൽ BSP യുടെ തണുത്ത പ്രതികരണം. കഴിഞ്ഞ ദിവസം ഒരു റാലിക്കിടയിൽ മായാവതിയുടെ ഈ അസാന്നിധ്യത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പരിഹസിച്ചിരുന്നു. ബഹന്ജി പുറത്തേക്ക് വരൂ. തെരഞ്ഞെടുപ്പെത്തി എന്നാണ് പരിഹാസ രൂപേണ അമിത്ഷാ പ്രതികരിച്ചത്. എന്നാൽ മായാവതിയുടെ ഈ അസാന്നിധ്യം ഭീതിയോടെ കാണുന്നവരും ഉണ്ട്. കള്ളപ്പണത്തിൽ കെട്ടിയുയർത്തപ്പെട്ടിരുന്ന കോട്ടയായിരുന്നു BSP. കേന്ദ്രത്തിൽ ബിജെപി തെരെഞ്ഞെടുപ്പിൽ ഉപയോഗിക്കപ്പെടുന്ന കള്ളപ്പണത്തിനെതിരെ ശക്തമായ നിലപാടെടുത്തപ്പോൾ പാർട്ടി തളർന്നുപോയി. സാമ്പത്തിക സ്രോതസ്സുകളെല്ലാം അടഞ്ഞ BSP വല്ലാത്ത പ്രതിസന്ധിയിലാണെന്നാണ് ചിലർ വിശ്വസിക്കുന്നത്.

Related Articles

Latest Articles