Thursday, May 16, 2024
spot_img

ഇന്ന് ഗോരഖ്പൂരിൽ എനിക്കൊരു വീടുണ്ടെന്ന് അഭിമാനത്തോടെ പറയാം; യോഗിയെ പുകഴ്ത്തി വ്യവസായി മുഹമ്മദ് ആരിഫ്

യുപിയിൽ വികസനം വന്നത് ഇപ്പോഴാണെന്ന് ഷിക്കാഗോയിലെ വ്യവസായിയായ ഗോരഖ്പൂർ സ്വദേശി ആരിഫ് . സംസ്ഥാനത്ത്, ബിജെപിയുടെ വിജയത്തിൽ യോഗിയെ പ്രകീർത്തിച്ച് ഷിക്കാഗോയിൽ നിന്ന് സോഷ്യൽ മീഡിയയിൽ ആരിഫ് പങ്ക് വച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുൻപ് വികസനങ്ങളൊന്നും ഇല്ലായിരുന്നെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 2021ൽ, ആരിഫ് ഗോരഖ്പൂരിൽ എത്തിയപ്പോൾ തന്നെ ഇവിടുത്തെ വികസനങ്ങൾ നേരിൽ കണ്ടിരുന്നു. അന്നുമുതൽ, അദ്ദേഹം യോഗി ആദിത്യനാഥിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുമുണ്ട്.

നിരവധി സർക്കാരുകൾ വന്നെങ്കിലും യോഗി അല്ലാതെ മറ്റൊരു സർക്കാരും ഇത്രയധികം വികസനം നടത്തിയിട്ടില്ലെന്നും ആരിഫ് പറയുന്നു. ഇന്ന്, ഗോരഖ്പൂരിൽ തനിക്കൊരു വീടുണ്ടെന്ന് അഭിമാനത്തോടെ പറയാമെന്നും ആരിഫ് പറയുന്നു. ഗായിക നേഹ സിംഗ് റാത്തോഡിന് നൽകിയ മറുപടിയായാണ് ആരിഫിന്റെ വീഡിയോ. പാട്ട് പാടി ആളുകളെ കബളിപ്പിക്കാനാകില്ലെന്നാണ് ആരിഫ് വീഡിയോയിൽ പറയുന്നത്.

‘അവർ പറയുന്നത്, ഞാൻ പുറത്താണ് താമസിക്കുന്നത് എന്നാണ്, എന്റെ ഗോരഖ്പൂരും നമ്മുടെ സംസ്ഥാനവും എപ്പോൾ ഇങ്ങനെയാകുമെന്ന് ഞാൻ കരുതിയിരുന്നു. ഞങ്ങൾക്ക് നല്ല റോഡുകളോ ബിസിനസ്സിനായി നല്ല ഫ്ലൈറ്റ് കണക്റ്റിവിറ്റിയോ ഉണ്ടായിരുന്നില്ല. വികസനം നടക്കേണ്ട ഒരു വിമാനത്താവളം പോലും നമുക്കുണ്ടായിരുന്നില്ല. ഇന്ന്, ഗോരഖ്പൂരിൽ നിന്ന് എല്ലാ പ്രധാന നഗരങ്ങളിലേക്കും വിമാന സൗകര്യമുണ്ടെന്നും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകാൻ നല്ല റോഡുകളുണ്ടെന്നും ആരിഫ് പറയുന്നു. ഇതിനെയാണ് യഥാർത്ഥ വികസനം എന്ന് വിളിക്കുന്നത്’ -അദ്ദേഹം പറയുന്നു.

ഗോരഖ്പൂരിലെ പാസ്തർ ബസാർ പ്രദേശവാസിയായ ആരിഫ് അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനായി അഞ്ച് ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. രാമക്ഷേത്രത്തിന് ആരിഫ് സംഭാവന നൽകിയതിനെ പലരും എതിർത്തിരുന്നു.
ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഈ മാസം 25ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലിന് ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുകയെന്ന് പാർട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ്, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയവർ പങ്കെടുക്കും.

ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ പാർട്ടികളുടെ ഉന്നത നേതാക്കളെയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു. രണ്ടാം യോഗി സർക്കാരിലെ മറ്റ് മന്ത്രിമാരുടെ പേരുകളെക്കുറിച്ച് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. പുതിയ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ബി.ജെ.പി നിർണായക കോർകമ്മിറ്റി യോഗം ചേർന്നിരുന്നു.

തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയാണ് യുപിയിൽ ബിജെപി രണ്ടാം തവണയും അധികാരത്തിലെത്തിയത്. 403 മണ്ഡലങ്ങളിൽ 255 എണ്ണത്തിൽ വിജയിച്ചു. ബിജെപിയുടെ സഖ്യകക്ഷികൾ പതിനെട്ട് സീറ്റും നേടി. സംസ്ഥാനത്ത് കഴിഞ്ഞ 37 വർഷത്തിനിടെ മുഴുവൻ കാലാവധി പൂർത്തിയാക്കി അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. സത്യപ്രതിജ്ഞാ ചടങ്ങിൽ 45,000 പേർക്ക് പങ്കെടുക്കാം. ഇതിനുപുറമെ, 200 വിവിഐപി അതിഥികളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.

Related Articles

Latest Articles