Tuesday, April 30, 2024
spot_img

ലോക സിനിമയ്ക്ക് യോഗിയുടെ ആദരം ! നോയിഡയിലെ അന്താരാഷ്ട്ര ഫിലിം സിറ്റി പദ്ധതിയുടെ തറക്കല്ലിടൽ ജൂൺ അവസാനത്തോടെ നടന്നേക്കുമെന്ന് റിപ്പോർട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഉത്തർപ്രദേശ് സർക്കാർ തങ്ങളുടെ സ്വപ്ന പദ്ധതികളിലൊന്നായ അന്താരാഷ്ട്ര ഫിലിം സിറ്റി പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് നടത്താനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. പൊതു തെരഞ്ഞെടുപ്പിന് ശേഷം ജൂൺ അവസാനത്തോടെയായിരിക്കും പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് നടക്കുക. ലഖ്‌നൗവിലെ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരോടും YEIDA (യമുന എക്‌സ്‌പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് അതോറിറ്റി) ഉദ്യോഗസ്ഥരോടും ഇതുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ മാർച്ചിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിൽ ഫിലിം സിറ്റി പദ്ധതിക്ക് യുപി സർക്കാർ അംഗീകാരം നൽകിയിരുന്നു. ബോളിവുഡ് ചലച്ചിത്ര നിർമ്മാതാവ് ബോണി കപൂറിൻ്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം, ബേവാച്ച് പ്രോജക്ട്‌സ് എൽഎൽപി, നോയിഡ ആസ്ഥാനമായുള്ള ഡെവലപ്പർ ഭൂട്ടാനി ഇൻഫ്ര എന്നിവരുമായി സഹകരിച്ചാണ് പദ്ധതി പൂർത്തിയാക്കുക. യമുന എക്‌സ്‌പ്രസ്‌വേയോട് ചേർന്ന് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സെക്ടർ 21 ലാണ് ഫിലിം സിറ്റി ഉയരുക. 230 ഏക്കർ സ്ഥലത്താണ് പദ്ധതിയുടെ ആദ്യഘട്ടം നിർമിക്കുന്നത്.

തറക്കല്ലിടൽ കഴിഞ്ഞാൽ ഉടൻതന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന സെക്ടർ 21 ൽ കൺസോർഷ്യത്തിന് ഭൂമിയും അനുവദിച്ചിട്ടുണ്ട്.

ഫിലിം സിറ്റിയുടെ വൈദ്യുതിക്കായി സൗരോർജ്ജം ഉപയോഗിക്കുന്നതും പരിഗണനയിലുണ്ട്. ഫിലിം സിറ്റിയുടെ മാസ്റ്റർ പ്ലാൻ അനുസരിച്ച്, ഫിലിം സിറ്റിയിലെ എല്ലാ സ്റ്റുഡിയോകളും സ്റ്റുഡിയോകളുടെ മേൽക്കൂരയിൽ സ്ഥാപിക്കുന്ന സോളാർ പാനലുകളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ചാകും പ്രവർത്തിക്കുകയെന്ന് അധികൃതർ പറഞ്ഞു.

230 ഏക്കർ ഭൂമിയിൽ 155 ഏക്കർ വ്യവസായ ആവശ്യത്തിനും ബാക്കി 75 ഏക്കർ വാണിജ്യ ആവശ്യത്തിനും സമർപ്പിക്കും. ഫിലിം സ്റ്റുഡിയോകൾ, ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, പോസ്റ്റ്-പ്രൊഡക്ഷൻ സൗകര്യങ്ങൾ,ഹോസ്പിറ്റാലിറ്റി പ്രോജക്റ്റുകൾ, അമ്യൂസ്‌മെൻ്റ് പാർക്കുകൾ തുടങ്ങിയവയും ഫിലിം സിറ്റിയുടെ ഭാഗമായി ഉണ്ടാകും.

Related Articles

Latest Articles