Friday, May 17, 2024
spot_img

യുവഭാരതം കുതിക്കുന്നു ! ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുമായി കേന്ദ്ര സർക്കാർ

ഇന്ത്യയിലെ യുവാക്കളുടെ ശോഭന ഭാവിക്കായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് എപ്പോഴും ഉയര്‍ന്ന മുന്‍ഗണനയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാർ പുറത്തിറക്കിയ പദ്ധതിയായിരുന്നു റോസ്ഗര്‍ മേള. റോസ്ഗര്‍ മേളയിലൂടെ കേന്ദ്ര സർക്കാരിന് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുവാക്കള്‍ക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തില്‍ പങ്കാളിത്തത്തിനും അര്‍ത്ഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും സാധിച്ചിട്ടുണ്ട്. ഇതിലൂടെ നിരവധി യുവതീ യുവാക്കൾക്കാണ് കേന്ദ്ര സർക്കാരിന് ജോലി നൽകാനായത്. ഇപ്പോഴിതാ, റോസ്ഗര്‍ മേളയ്ക്ക് പിന്നാലെ, ഡിജിറ്റൽ സംവിധാനത്തിലൂടെ യുവാക്കളുടെ ശോഭന ഭാവിക്കായി പുത്തൻ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.

നൈപുണ്യ സംരംഭങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും സംരംഭകത്വ പിന്തുണ നൽകുന്നതിനുമായി സ്‌കിൽ ഇന്ത്യ ഡിജിറ്റൽ പ്ലാറ്റ്‌ഫോം എന്ന സംവിധാനമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള 42,623 കേന്ദ്രങ്ങളിൽ നിന്നുള്ള 264-ലധികം നൈപുണ്യ കോഴ്സുകൾ പ്ലാറ്റ്ഫോമിന് കീഴിൽ ലഭ്യമാകും. ഇതിലൂടെ തൊഴിൽ കണ്ടെത്തുന്നതിനും അപ്രന്റീസ്ഷിപ്പിനും സംരംഭകത്വത്തിനും അവസരങ്ങൾ നൽകും. യുവാക്കളുടെ ഭാവിയാണ് രാജ്യത്തിന്റെ ഭാവിയെന്നുള്ള ദർശനത്തിലൂന്നിയാണ് ഇത്തരമൊരു സംവിധാനത്തിന് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്. അതേസമയം, സ്‌കിൽ ഇന്ത്യ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. കൂടാതെ, ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ മറ്റ് പ്രാദേശിക ഭാഷകളിലും ആപ്പ് ലഭ്യമാകും.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആറ് ലക്ഷം ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ ഇൻഫ്രാസ്ട്രക്ചർ ലഭ്യമാക്കുന്നതിനുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. എല്ലാവർക്കും പ്രാപ്യമായ ഡിജിറ്റൽ നെറ്റ്വർക്കിംഗ് കെട്ടിപ്പടുക്കുകയാണ് ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിൽ ഇന്ത്യയുടെ ശ്രദ്ധയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഇതിന്റെ ഗുണം ലഭിക്കുമെന്നും ഡിജിറ്റൽ സാങ്കേതികവിദ്യയും വ്യവസായിക നൈപുണ്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് തൊഴിൽ അന്വേഷകർക്കും സംരംഭകർക്കും കൃത്യമായ കാഴ്ചപ്പാട് വാഗ്ദാനം ചെയ്യുന്ന സംവിധാനമാണിത്. ഇതുവഴി വൈദഗ്ധ്യമുള്ള പ്രതിഭകളെ സൃഷ്ടിക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. എന്തായാലും ആധുനിക ഡിജിറ്റല്‍ ലോകത്തെ വര്‍ധിച്ചു വരുന്ന തൊഴിലവസരങ്ങള്‍ മുന്നില്‍ക്കണ്ട് വ്യത്യസ്ത മേഖലകളില്‍ തൊഴില്‍ പരിചയമുള്ളവരെ വാര്‍ത്തെടുക്കുക എന്നത് തന്നെയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.

Related Articles

Latest Articles