Monday, September 21, 2026

തിരുവല്ലത്ത് സഹോദരനെ കൊലപ്പെടുത്തി യുവാവ് മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ടു! മാവിൻ തൈ മാറ്റി നട്ട നിലയിൽ ; കൊലപാതകത്തിന്റെ ചുരുളഴിച്ചത് അമ്മയ്ക്ക് തോന്നിയ സംശയങ്ങൾ !

തിരുവനന്തപുരം : തിരുവല്ലത്ത് സഹോദരനെ കൊലപ്പെടുത്തി യുവാവ് മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ട സംഭവത്തിന്റെ ചുരുളഴിച്ചത് അമ്മയ്ക്ക് തോന്നിയ സംശയങ്ങൾ. തിരുവല്ലം വണ്ടിത്തടം സ്വദേശി ബിനു(46)വാണ് അനുജന്‍ രാജി(36)നെ കൊലപ്പെടുത്തി മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ടത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് സഹോദരങ്ങളും അമ്മയും വണ്ടിത്തടത്തെ വീട്ടില്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഓണമായതിനാൽ അമ്മ ബന്ധുവീട്ടില്‍ പോയിരുന്നു. നിര്‍മാണത്തൊഴിലാളിയായിരുന്ന രാജിനെക്കുറിച്ച് കഴിഞ്ഞ 11 ദിവസമായി വിവരമൊന്നും ഇല്ലെന്നായിരുന്നു ബന്ധുക്കള്‍ പറയുന്നത്.

ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു. രാജ് എവിടെയെങ്കിലും ജോലിക്കായി പോയിരിക്കുകയാണെന്നും ഫോണ്‍ നഷ്ടപ്പെട്ടിരിക്കാമെന്ന ചിന്തയിലായിരുന്നു അമ്മ. കഴിഞ്ഞദിവസം വീട്ടിലെത്തിയ അമ്മ ഒരുമാസം മുന്‍പ് പറമ്പില്‍ നട്ടിരുന്ന മാവിന്‍തൈ കാണാതായത് ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ തിരച്ചിലിൽ വീട്ടുവളപ്പില്‍ നേരത്തെയെടുത്തിരുന്ന കുഴി മൂടിയിട്ടിരിക്കുന്നതും മാവിന്‍തൈ മൂടിയ കുഴിയിൽ മാറ്റിനട്ടതും കണ്ടെത്തി. തുടർന്ന് സംശയം തോന്നിയ അമ്മ ബന്ധുക്കളെ വിവരമറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് കുഴിയില്‍നിന്ന് മൃതദേഹം കണ്ടെടുത്തത്.

സഹോദരങ്ങൾ വീട്ടില്‍വെച്ച് വഴക്കുണ്ടായെന്നും ഇതിനിടെയാണ് കൊലപാതകം സംഭവിച്ചതെന്നുമാണ് പോലീസിന്റെ നിഗമനം. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് ഇവരുടെ സഹോദരിയും പ്രതികരിച്ചു. ജോലിക്കൊന്നും പോകാത്ത ബിനു വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതായാണ് ബന്ധുവായ സ്ത്രീ പ്രതികരിച്ചത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണമെല്ലാം ബിനു ഒറ്റയ്ക്ക് കഴിച്ചുതീര്‍ത്തിരുന്നതായും ഇതേച്ചൊല്ലി പലപ്പോഴും വഴക്കുണ്ടായിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ‘ഞങ്ങള്‍ തമ്മില്‍ അടികൂടി, ഞാനവനെ തൂക്കിയടിച്ചപ്പോള്‍ അവന്‍ ചത്തുപോയി’ എന്നാണ് ബിനു സംഭവത്തെക്കുറിച്ച് പറഞ്ഞതെന്നും ബന്ധു പ്രതികരിച്ചു. അതേസമയം, ബിനു നേരത്തെ മാനസികപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായാണ് വിവരം.

Related Articles

Latest Articles