Thursday, May 23, 2024
spot_img

കോഴിക്കോട് വൻ ലഹരിവേട്ട; മാങ്കാവ് സ്വദേശി ഫസലുദ്ദീൻ അറസ്റ്റിൽ; പിടിച്ചെടുത്തത് 70 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ

കോഴിക്കോട്: കോഴിക്കോട് വൻ ലഹരിവേട്ട(Drugs Seized In Kozhikode). സംഭവത്തിൽ മാങ്കാവ് സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഫസലുദ്ദീൻ എന്ന യുവാവിനെയാണ് പോലീസ് പിടികൂടിയത്. 70 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തതെന്നാണ് വിവരം. കോഴിക്കോട് നഗരത്തിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ തയ്യാറാക്കി വച്ചതാണ് ഈ ലഹരിവസ്തുക്കളെന്നാണ് വിവരം.

അതേസമയം ഹാഷിഷ് ഓയിൽ, കൊക്കൈയ്ൻ, ലഹരി ഗുളികൾ എന്നിവയാണ് പിടിച്ചെടുത്തത്. 83 എൽ.എസ്.ഡി. സ്റ്റാമ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ ഫസലുദ്ദീൻ ഇതിന് മുമ്പും ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയതിൻ്റെ പേരിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ബാംഗളൂരിൽ നിന്നാണ് പ്രധാനമായും ലഹരി വസ്തുക്കൾ ഇയാൾ എത്തിക്കുന്നത്.

ഫസലുദ്ദീന്റെ കീഴിൽ നിരവധി ഏജന്റുമാരെ വച്ചുകൊണ്ടാണ് കോഴിക്കോട് നഗരത്തിൽ വിൽപ്പന നടത്തുന്നത്. ഇയാളെ വടകര നാർക്കോട്ടിക് കോടതിയിൽ ഹാജരാക്കി 14 ദിവസം റിമാന്റ് ചെയ്തിരിക്കുകയാണ്. അതേസമയം കോഴിക്കോട് ജില്ലയിൽ ഈയിടെയായി മയക്കുമരുന്ന് പിടികൂടുന്ന നിരവധി സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. 15 ന് രണ്ടര കിലോ കഞ്ചാവുമായി കോഴിക്കോട് വെള്ളയിൽ സ്വദേശിയായ സി.വി ഹൗസിൽ ഹംസ കോയയെ (54) ഫറോക്ക് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. സതീശനും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.

ന്യൂജെൻ മയക്കുമരുന്നുമായി യുവാക്കളെ ഉൾപ്പെടെ പിടികൂടിയ സംഭവങ്ങളും നിരവധിയാണ്. കോവിഡ് കാലത്താണ് വ്യാപകമായി വലിയ അളവിൽ മയക്കുമരുന്ന് ശേഖരങ്ങൾ പിടികൂടുന്ന സംഭവങ്ങളുണ്ടായത്. ദിവസങ്ങൾ മയക്കം ഉണ്ടാക്കുന്ന ന്യൂജെൻ മയക്കുമരുന്നുകളാണ് കൂടുതലായി പിടിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാല് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ പോലീസ് പിടികൂടിയിരുന്നു.തമിഴ്നാട് കുഡ്ഡലോർ സ്വദേശി മുരുകൻ , കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മജീദ് എന്ന സൊറോണി മജീദ് എന്നിവരാണ് ഡൻസാഫും എലത്തൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്.

Related Articles

Latest Articles