തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനിയെ മദ്യം നൽകി മയക്കി പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾക്ക് 10 വർഷം കഠിനതടവ് വിധിച്ചു. ആക്കുളം സ്വദേശികളായ ജിഷ്ണു കെ. മോഹൻ (26), വിഷ്ണു ആർ. (29) എന്നിവരെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ജഡ്ജി അഞ്ജു മീര ബിർളയാണ് വിധി പുറപ്പെടുവിച്ചത്.
തടവ് ശിക്ഷയ്ക്ക് പുറമെ പ്രതികൾ 15,000 രൂപ വീതം പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നൽകുന്ന നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.
2024 ജൂലൈ നാലിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വിവാഹിതനായ ജിഷ്ണു പ്ലസ് വൺ വിദ്യാർത്ഥിനിയെ അമ്പലത്തിൽ വെച്ചാണ് പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടിയെയും രണ്ട് കൂട്ടുകാരികളെയും പ്രതിയായ വിഷ്ണുവിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അവിടെവെച്ച് കുട്ടികൾക്ക് നിർബന്ധിച്ച് മദ്യം നൽകുകയും തുടർന്ന് ജിഷ്ണു പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.
മറ്റ് കുട്ടികൾ മറ്റൊരു മുറിയിലായിരുന്ന സമയത്തായിരുന്നു പീഡനം. വിഷ്ണുവും മറ്റൊരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പ്രോസിക്യൂഷൻ കണ്ടെത്തി. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയിൽ മദ്യത്തിന്റെ മണവും അസ്വസ്ഥതകളും കണ്ടതിനെത്തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ പി. ഹരിലാലിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. വിചാരണ വേളയിൽ 14 സാക്ഷികളെ വിസ്തരിക്കുകയും 34 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഡ്വ. ബിന്ദു എന്നിവർ ഹാജരായി.

