Sunday, October 4, 2026

അടിമാലിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 16 വിദ്യാർത്ഥികൾക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം

അടിമാലി: ഇടുക്കി കുഞ്ചിത്തണ്ണിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് വീടിന്റെ സംരക്ഷണ ഭിത്തിയിലേക്കും വൈദ്യുതി തൂണിലേക്കും ഇടിച്ചു കയറി 16 വിദ്യാർത്ഥികൾക്ക് പരിക്ക്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കുഞ്ചിത്തണ്ണി പവർഹൗസ് റോഡിൽ ബ്രോഡ്‌വിൻ റിസോർട്ടിന് സമീപമാണ് അപകടമുണ്ടായത്.

പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഒമ്പതാം ക്ലാസിലെ പരീക്ഷയും പഠനോത്സവവും കഴിഞ്ഞ് കുട്ടികളുമായി മടങ്ങുകയായിരുന്നു വാഹനം. അപകടസമയത്ത് മുപ്പതിലധികം വിദ്യാർത്ഥികൾ ബസിലുണ്ടായിരുന്നു. നിയന്ത്രണം വിട്ട ബസ് വലിയ ശബ്ദത്തോടെ ഇടിച്ച് നിൽക്കുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഉടനടി രക്ഷാപ്രവർത്തനം നടത്തിയത്.

പരിക്കേറ്റ 16 വിദ്യാർത്ഥികളെയും ആദ്യം കുഞ്ചിത്തണ്ണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിക്ക് ഗൗരവകരമാണെന്ന് കണ്ട നാല് വിദ്യാർത്ഥികളെ വിദഗ്ദ്ധ ചികിത്സയ്ക്കായി അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ കുഞ്ചിത്തണ്ണിയിൽ നിരീക്ഷണത്തിലാണ്.

പ്രദേശത്ത് പെയ്ത നേരിയ മഴയ്ക്ക് പിന്നാലെ റോഡിലൂടെ വരികയായിരുന്ന ബസ് പെട്ടെന്ന് നിയന്ത്രണം വിടുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുത തൂണിലേക്ക് ഇടിച്ചു കയറിയെങ്കിലും വലിയൊരു ദുരന്തം ഒഴിവായത് നാട്ടുകാരുടെയും പോലീസിന്റെയും കൃത്യസമയത്തുള്ള ഇടപെടൽ മൂലമാണ്.

Related Articles

Latest Articles