ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL 2026) 19-ാമത് എഡിഷന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആവേശകരമായ തുടക്കം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തു. സൺറൈസേഴ്സ് ഹൈദരാബാദിനായി അഭിഷേക് ശർമയും ട്രാവിസ് ഹെഡുമാണ് ബാറ്റിങ് ആരംഭിച്ചത്.
കഴിഞ്ഞ സീസണിലെ ആർ.സി.ബിയുടെ കിരീടവിജയത്തിന് പിന്നാലെ നടന്ന ആഘോഷങ്ങൾക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 11 പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കി. ദുരന്തത്തിന്റെ ആദരസൂചകമായി ലളിതമായ ചടങ്ങുകളോടെയാണ് ടൂർണമെന്റിന് തുടക്കമിട്ടത്.
ടൂർണമെന്റ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നടന്ന ഉടമസ്ഥാവകാശ മാറ്റങ്ങളാണ് ഇത്തവണത്തെ പ്രധാന സവിശേഷത. കഴിഞ്ഞ വർഷം കിരീടം നേടുമ്പോൾ ഡിയാജിയോയുടെ കീഴിലായിരുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ, ബ്ലാക്ക് സ്റ്റോൺ എന്നിവരടങ്ങിയ കൺസോർഷ്യം സ്വന്തമാക്കി. രാജസ്ഥാൻ റോയൽസിന്റെ ഉടമസ്ഥാവകാശത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. 18 വർഷത്തിനിടെ ഐ.പി.എൽ ടീമുകളുടെ മൂല്യത്തിലുണ്ടായ വൻ വർദ്ധനവാണ് ഈ കൈമാറ്റങ്ങളിലൂടെ വ്യക്തമാകുന്നത്.
രണ്ടു മാസത്തോളം നീണ്ടുനിൽക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിൽ 10 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
മത്സരക്രമം: ആകെ 74 മത്സരങ്ങൾ. ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രാഥമിക ഘട്ട മത്സരങ്ങൾ നടക്കുക.
പ്ലേ ഓഫ്: പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന നാല് ടീമുകൾ പ്ലേ ഓഫിലേക്ക് യോഗ്യത നേടും.
ഫൈനൽ: മെയ് 31-ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ചാണ് കലാശപ്പോരാട്ടം.

