ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ച സിക്ക വൈറസ് കര്‍ണാടകയിലും സ്ഥിരീകരിച്ചു. അഞ്ച് വയസുകാരിക്ക് ആണ് വൈറസ് സ്ഥിരീകരിച്ചു.കര്‍ണാടകയില്‍ ആദ്യമായാണ് വൈറസ് സ്ഥിരീകരിക്കുന്നത്.എന്നാൽ ഈ സാഹചര്യത്തിൽ ആശങ്കപെടേണ്ടതില്ലെന്നും ആവശ്യമായ മുൻകരുതലുകൾ എടുത്തതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുക് പരത്തുന്ന രോഗമാണ് സിക്ക വൈറസ്.പനി, ശരീരത്തില്‍ ചുവന്ന പാടുകൾ, തലവേദന, ഛർദ്ദി, സന്ധിവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ മൂന്നാം ദിവസം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.
ഗർഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭിണിയായ സ്ത്രീയില്‍ ഈ രോഗബാധ ഉണ്ടായാല്‍ നവജാതശിശുവിന് ജന്മനാലുള്ള തകരാറുകള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.
കുട്ടികളിലും മുതിർന്നവരിലും സിക്ക ബാധിച്ചാൽ നാഡീസംബന്ധമായ പ്രശങ്ങളിലേയ്ക്ക് വരെ എത്താം.
ശ്രദ്ധിക്കേണ്ടത്
1 .കൊതുക് കടി ഏൽക്കാതെ ശ്രദ്ധിക്കുക എന്നതാണ് സിക്കയെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന മാർഗം.
- ഗർഭിണികൾ, ഗർഭധാരത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകൾ, കൊച്ചുകുട്ടികൾ എന്നിവർ കൊതുക് കടിയേൽക്കാതെ ശ്രദ്ധിക്കുക.
- ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം.
- വീടും പരിസരവും സ്ഥാപനങ്ങളും വെള്ളം കെട്ടിനിൽക്കാതെ നോക്കുക.

