ദില്ലി: കമ്മീഷൻ കൂട്ടണമെന്ന് ആവശ്യപ്പെട്ട് റെസ്റ്റോറന്റുകളുമായി ചർച്ച നടത്തി ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ.എന്നാൽ പല റസ്റ്റോറന്റ് വ്യവസായികളും ആവശ്യം അംഗീകരിക്കാൻ വിസമ്മതിച്ചു.2022-23 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ നഷ്ടം കൂടിയതും ഭക്ഷണ വിതരണത്തിൽ കുറവുണ്ടായതിനും ശേഷമാണ് സൊമാറ്റോ 2 മുതൽ 6 ശതമാനം വരെ കമ്മീഷൻ വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടത്.
അതേസമയം, കോവിഡ് അവസാനിച്ചതിന് ശേഷം ആളുകൾ ഇപ്പോൾ റെസ്റ്റോറന്റുകളിലെത്തി ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനാൽ പല റെസ്റ്റോറന്റുകളും സൊമാറ്റോയുടെ അഭ്യർത്ഥന നിരസിച്ചു. ഈ വിഷയത്തിൽ സൊമാറ്റോയുമായി സംസാരിക്കുമെന്ന് നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (എൻആർഐ) പ്രസിഡന്റ് കബീർ സൂരി പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഓരോ ഓർഡറിനും 18 മുതൽ 25 ശതമാനം വരെയാണ് സൊമാറ്റോ ഈടാക്കുന്നത്.
കമ്മീഷൻ വർധിപ്പിക്കണമെന്ന ആവശ്യം ഉയർത്തിയതോടെ ഡിസംബർ പാദത്തിൽ സൊമാറ്റോയുടെ നഷ്ടം വർധിപ്പിക്കാൻ കാരണമായി. ഡിസംബർ പാദത്തിൽ കമ്പനിക്ക് 347 കോടി രൂപയുടെ നഷ്ടമുണ്ടായി, ഇത് കഴിഞ്ഞ വർഷം ഇതേ പാദത്തിലുണ്ടായതിനേക്കാൾ 63.2 കോടി രൂപ കൂടുതലാണ്. എന്നാൽ കമ്പനിയുടെ വരുമാനം 75 ശതമാനം വർധിച്ച് 1948 കോടി രൂപയായി.

