തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷയായ ജോസഫൈനെതിരെ ആഞ്ഞടിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ റോയി മാത്യു. 24 മണിക്കൂറും വനിതാ മതില് കെട്ടിയാലും എം.സി. ജോസഫൈന്റെ മനസിലെ മാലിന്യങ്ങൾ മാറുമെന്ന് തോന്നുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
ഇതിലും ഭേദം തെങ്ങേൽ കേറി കൈ വിടുന്നതാണ്…….
ഒരു സർക്കാർ സ്ഥാപനം എങ്ങനെ ജനവിരുദ്ധമാക്കാമെന്ന് ആരെങ്കിലും ഗവേഷണം നടത്തുന്നുണ്ടെങ്കിൽ നേരെ വന്ന് എം. സി. ജോസഫൈന് ശിഷ്യപ്പെടുക. സി പി എം പോലൊരു പാർട്ടി എന്തിനാണാവോ ഇവരെ വനിതാ കമ്മീഷൻ അധ്യക്ഷയാക്കിയത്.
വനിതാ കമ്മീഷൻ സ്ത്രീ സൗഹൃദമാണെന്നാണ് പറച്ചിൽ – ഇതിലും ഭേദം ഡാക്കിനി അമ്മച്ചിമാരായ അമ്മായി അമ്മമാരാണ്. ആശ്വാസം തേടി വിളിക്കുന്ന സ്ത്രീകളെ എങ്ങനെ അപമാനിക്കാം, കൊല്ലാക്കൊല ചെയ്യാമെന്നാണ് ഈ മഹിളാ രത്നം കാണിച്ചു തരുന്നത്. 24 മണിക്കൂറും വനിതാ മതില് കെട്ടിയാലും ഇവരുടെ മനസിലെ മാലിന്യങ്ങൾ മാറുമെന്ന് തോന്നുന്നില്ല.
എവിടെ എങ്കിലും ഒരു പീഡനം നടക്കുമ്പോൾ മാധ്യമങ്ങൾ എറിയാൽ മൂന്നോ നാലോ ദിവസം ഒരാഘോഷം നടത്തും – അപ്പോ ചത്ത പോലെ കിടക്കുന്ന സർക്കാർ വിലാസം കുട്ടൂസൻ – ഡാക്കിനി ടീംസ് ഇങ്ങനെ പൊതുമണ്ഡലത്തിൽ വന്ന് നാല് ഭള്ള് വിളിച്ചിട്ട് പോവും. പിന്നെ എല്ലാം തഥൈവ.
ഇനി മറ്റൊരു സർക്കാർ മോഡൽ സ്ത്രീ സംരക്ഷണം ….
അതിക്രൂരമാം വിധം മനുഷ്യാവകാശ ലംഘനങ്ങളും ഗാർഹിക പീഡനങ്ങളും നേരിടുന്ന സിസ്റ്റർ ലൂസി ഇന്നു രാവിലെ അയച്ചു തന്ന ശബ്ദ സന്ദേശം അങ്ങേയറ്റം അസ്വസ്ഥത പ്പെടുത്തുന്നു. സഭയിൽ നിന്ന് താൻ നേരിടുന്ന സൈബർ പീഡനങ്ങൾ, ജീവന് ഭീഷണി, എന്നു വേണ്ട ഒരു സ്ത്രീക്ക് സഹിക്കാനാവുന്നതിലും അപ്പുറത്താണ് ലൂസിയുടെ അവസ്ഥ. സംസ്ഥാന മുഖ്യമന്ത്രി മുതൽ ഇങ്ങേയറ്റം സബ് ഇൻസ്പെക്ടർക്ക് വരെ ആവലാതികളും പരാതികളും അയച്ചിട്ട് ഒരനക്കവുമില്ല – മുഖ്യമന്ത്രിയുടെ ഓഫീസിൽ പലവട്ടം പരാതി അയച്ചിട്ട് ഒരു അക്ക്നോളജ് മെൻ്റ് കാർഡ് പോലും കിട്ടിയില്ലെന്ന് സിസ്റ്റർ പറയുന്നു. സൈബർ പീഡനങ്ങളെക്കുറിച്ച് എഡിജിപി മനോജ് ഏബ്രഹാമിന് നിരവധി പരാതി അയച്ചിട്ടും ഒരു പരിഹാരവും കിട്ടിയിട്ടില്ല – ലൂസി ഏത് നേരത്തും കൊല്ലപ്പെട്ടേക്കാം, അക്രമിക്കപ്പെട്ടേക്കാം …
ഏറ്റവും ഒടുവിൽ കേന്ദ്ര വനിതാ കമ്മീഷൻ 18/ 6/ 2021 ൽ സിസ്റ്റർ ലൂസിക്ക് സംരക്ഷണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി വി. പി. ജോയിക്ക് നേരിട്ട് കത്തയച്ചിട്ടും ഒന്നും സംഭവിച്ചില്ല. ഈ കത്തിൻ്റെ അടിസ്ഥാനത്തിൽ ഒരാളുപോലും തന്നെ അന്വേഷിച്ചു വന്നിട്ടില്ലെന്ന് ലൂസി പറഞ്ഞു.
സിസ്റ്റർ ലൂസിക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചിട്ട് സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചിട്ടെന്ത് കാര്യം? സഭയുടെ കണ്ണുരുട്ടലിന് മുന്നിൽ വിനീത ദാസനായി നിൽക്കാനാണോ കേരള സർക്കാർ ചീഫ് സെക്രട്ടറിയെ നിയമിച്ചിരിക്കുന്നത്?

