Sunday, November 8, 2026

കുട്ടിക്കൊലപാതകികൾ പറഞ്ഞത് കേട്ട്, പൊലീസ് പോലും ഞെട്ടി

പത്തനംതിട്ട: സഹപാഠിയായ പത്താംക്ലാസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളുടെ മൊഴികള്‍ പുറത്ത്. തങ്ങളില്‍ ഒരാളെ സമൂഹ മാധ്യമത്തിലൂടെ കളിയാക്കിയതിന്‌ പകരമായി വിരട്ടാന്‍ വേണ്ടിയാണ്‌ പ്രതികള്‍ അഖിലിനെ വീട്ടില്‍നിന്ന്‌ വിളിച്ചിറക്കി കൊണ്ടുപോയത്‌. റബര്‍ തോട്ടത്തിലേക്ക്‌ അഖിലിനെ പ്രതികള്‍ വിളിച്ചു കൊണ്ടു വന്നത്‌ സൈക്കിളിലാണ്‌. വിരട്ടലിനിടെ ഏറുകൊണ്ട്‌ വീണ അഖില്‍ മരിച്ചെന്നു കരുതിയാണ്‌ കഴുത്തില്‍ വെട്ടിയത്‌. കുട്ടിക്കുറ്റവാളികള്‍ നല്‍കിയ മൊഴി കേട്ട്‌ ചോദ്യം ചെയ്‌ത പോലീസുകാരും ഞെട്ടി.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്

രാവിലെ അഖിലിനെ വീട്ടില്‍ നിന്നും സുഹൃത്തുക്കള്‍ സൈക്കിളില്‍ വിളിച്ച്‌ ഇറക്കിക്കൊണ്ടു പോകുകയായിരുന്നു. അങ്ങാടിക്കല്‍ തെക്ക് എസ്‌എന്‍വി എച്ച്‌എസ് സ്കൂളിന് സമീപം കദളിവനം വീടിനോടു ചേര്‍ന്ന റബര്‍ തോട്ടത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയിൽ കൊലപാതകം നടന്നത്.

പ്രതികള്‍ ഇരുവരും ചേര്‍ന്ന് ആദ്യം അഖിലിനെ കല്ലെറിഞ്ഞു വീഴ്ത്തി. താഴെ വീണ അഖിലിനെ സമീപത്ത് കിടന്ന മഴു ഉപയോഗിച്ച്‌ കഴുത്തിനു വെട്ടുകയായിരുന്നു. പിന്നീട് കമഴ്ത്തി കിടത്തിയും വെട്ടി. ഇതിനു ശേഷം ചെറിയ കുഴിയെടുത്ത് മൃതദേഹം മൂടി. അല്‍പം ദൂരെ നിന്നും മണ്ണു കൊണ്ടുവന്നു മുകളില്‍ ഇട്ടു.

ഇവിടെ സംശയകരമായി രണ്ടു പേര്‍ നില്‍ക്കുന്നതു ദൂരെ നിന്നു നാട്ടുകാരില്‍ ഒരാള്‍ കണ്ടു. ഇയാള്‍ മറ്റു ചിലരേയും കൂട്ടി സംഭവ സ്ഥലത്തെത്തി പ്രതികളെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ ഉണ്ടായതെല്ലാം ഇവർ പറയുകയായിരുന്നു.

തുടര്‍ന്ന്‌ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ സ്ഥലത്ത് വന്ന കൊടുമണ്‍ പോലീസ്‌ പ്രതികളെ കൊണ്ട്‌ തന്നെ മൃതദേഹം മാന്തി എടുത്തു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക്‌ മാറ്റി.

Related Articles

Latest Articles