Saturday, October 31, 2026

ചട്ടങ്ങൾക്ക് പുല്ലുവില: വമ്പിച്ച പിറന്നാളാഘോഷം; ചോദ്യം ചെയ്താൽ തല്ലിക്കൊല്ലും

ശാസ്താംകോട്ട: ലോക്ക് ഡൗൺ ചട്ടങ്ങൾ കാറ്റിൽ പറത്തി പിറന്നാളാഘോഷം നടത്തിയത് അന്വേഷിക്കാനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിച്ചു. കൊല്ലം ശാസ്താംകോട്ട ഭരണിക്കാവ് അശ്വതിമുക്കിന് സമീപം ഫൈസല്‍ നിവാസില്‍ സിദ്ദിഖാണ് വിലക്ക് ലംഘിച്ച് ആളെക്കൂട്ടി പിറന്നാളാഘോഷം നടത്തിയത്. സിദ്ദിഖിന്‍റെ വീട്ടില്‍ തിങ്കളാഴ്ച നടന്ന ആഘോഷത്തിൽ പത്തനംതിട്ടയില്‍ നിന്നുള്ളവർ ഉൾപ്പെടെ വലിയ ആൾക്കൂട്ടം പങ്കെടുത്തിരുന്നു. ഇത് അറിഞ്ഞെത്തിയ ശൂരനാട് സാമൂഹ്യാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍രാജ്, ജൂനിയന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിബു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് സിദ്ദിഖിന്‍റെ മക്കളായ ഫൈസല്‍ (30), അഫ്‌സല്‍(28), ഫൈസലിന്‍റെ ഭാര്യാപിതാവും പത്തനംതിട്ട കുമ്പഴ സ്വദേശിയുമായ ഷറഫുദ്ദീന്‍ (49) എന്നിവരെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇവർ അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും പിന്നാലെ ആക്രമിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥര്‍ പുറത്തേക്ക് പോകാതിരിക്കാനായി ഗേറ്റ് പൂട്ടിയിട്ട ശേഷമാണ് ആക്രമണമഴിച്ചുവിട്ടത്. തുടർന്ന് പോലീസെത്തിയാണ് ഗേറ്റുതുറന്ന് ഉദ്യോസ്ഥരെ രക്ഷപ്പെടുത്തിയത്.

ആക്രമണത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ സംഭവസ്ഥലത്തു നിന്നുതന്നെ പോലീസ് അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥരാണ് വീട്ടില്‍ അതിക്രമം കാണിച്ചെന്ന് വരുത്തി തീര്‍ക്കാൻ വീടിന്‍റെ ജനല്‍ച്ചില്ലുകളും മുറ്റത്ത് കിടന്ന കാറിന്റെ ചില്ലും പ്രതികള്‍ തന്നെ തകര്‍ത്തിരുന്നു.

കോവിഡ് പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ പ്രദേശമായി പ്രഖ്യാപിച്ച പത്തനംതിട്ടയില്‍ നിന്ന് രണ്ട് വാഹനങ്ങളിലായാണ് അറസ്റ്റിലായ ഷറഫുദ്ദീനും സംഘവും കൊല്ലം ജില്ലയിലെ ശാസ്തമംഗലത്തെ വീട്ടില്‍ പിറന്നാളാഘോഷത്തിനെത്തിയത്. കുമ്പഴയില്‍ നിന്ന് ഇത്രയും ദൂരം വാഹനത്തില്‍ എല്ലാ പരിശോധനയും മറികടന്ന് മറ്റൊരു ജില്ലയിലെത്തിയത് അധികൃതരുടെ ഗുരുതര വീഴ്ചയാണെന്ന ആരോപണമുയരുന്നുണ്ട്. ഇതിനിടെ സി പി എം, കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതികളെ രക്ഷപ്പെടുത്താനും സംഭവം ഒതുക്കി തീര്‍ക്കാനുമുള്ള ശ്രമവും നടന്നിരുന്നു.

Related Articles

Latest Articles