തൃശ്ശൂര്‍: മദ്യവില്‍പന നിര്‍ത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. വെങ്ങിണിശ്ശേരിയില്‍ മദ്യം ലഭിക്കാത്തതിലുള്ള മാനസിക പ്രയാസം മൂലം കെട്ടിട്ട നിര്‍മ്മാണ തൊഴിലാളി ജീവനൊടുക്കി. തൃശൂര്‍ വെങ്ങിണിശേരി സ്വദേശി ഷൈബു (47) ആണ് മരിച്ചത്. ആറാട്ടുകടവ് ബണ്ട് ചാലില്‍ മുങ്ങി മരിച്ച നിലയിലാണ് ഷൈബുവിനെ കണ്ടെത്തിയത്. മദ്യം ലഭിക്കാത്തതു മൂലം ആത്മഹത്യ ചെയ്തുവെന്ന് സംശയിക്കുന്ന സംസ്ഥാനത്തെ ആറാമത്തെ സംഭവമാണിത്.
മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള ആദ്യത്തെ ആത്മഹത്യ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് തൃശ്ശൂരില്‍ നിന്നാണ്. തൃശൂര്‍ കുന്നംകുളത്ത് കുളങ്ങര വീട്ടില്‍ സനോജാണ് ആത്മഹത്യ ചെയ്തത്.
കൊല്ലം കുണ്ടറയിലും മദ്യം ലഭിക്കാത്ത മനോവിഷമം മൂലം യുവാവ് ആത്മഹത്യ ചെയ്ത സംഭവമുണ്ടായി. കുണ്ടറ എസ്‌കെ ഭവനില്‍ സുരേഷാണ് തൂങ്ങി മരിച്ചത്.
കണ്ണൂര്‍ അഞ്ചരക്കണ്ടിയിലാണ് മറ്റൊരു യുവാവ് തൂങ്ങി മരിച്ചത്. കണ്ണാടി വെളിച്ചം സ്വദേശി വിജില്‍ കെ സി ആണ് മരിച്ചത്.
തിരുവനന്തപുരം ആങ്കോട്ടിലില്‍ വയോധികനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതും മദ്യം ലഭിക്കാത്തതു മൂലമുള്ള മാനസിക പ്രശ്‌നങ്ങള്‍ കാരണമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ആലപ്പുഴ കിടങ്ങംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിനു സമീപം കടത്തിണ്ണയില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയതാണ് ഈ നിരയില്‍ ചൂണ്ടിക്കാട്ടപ്പെടുന്ന മറ്റൊരു സംഭവം. കാര്‍ത്തികപ്പള്ളി സ്വദേശി ഹരിദാസന്‍ ആണ് മരിച്ചത്.
കായംകുളത്ത് മദ്യത്തിന് പകരം ഷേവിംഗ് ലോഷന്‍ കഴിച്ച യുവാവ് മരിച്ചതാണ് മറ്റൊരു സംഭവം. കറ്റാനം ഇലിപ്പക്കുളം തോപ്പില്‍ വീട്ടില്‍ നൗഫലാണ് മരിച്ചത്. 38 വയസായിരുന്നു.
ആത്മഹത്യകള്‍ കൂടാതെ അനവധി ആത്മഹത്യ ശ്രമങ്ങളും ഇക്കാലയളവില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറത്ത് രണ്ട് പേര്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. മദ്യം ലഭിക്കാത്ത നിരാശ മൂലം ചങ്ങനാശ്ശേരിയില്‍ യുവാവ് ഷോപ്പിംഗ് കോപ്ലക്‌സിന് മുന്നില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു

