Wednesday, October 28, 2026

സംസ്ഥാനത്ത് ഇന്നലെ എത്തിയ ഏഴ് പ്രവാസികള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ എത്തിയ പ്രവാസികളില്‍ ഏഴ്‌പേരെ കൊവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസൊലേഷനിലേക്ക് മാറ്റി. അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ ആറ് പേര്‍ക്കും ദോഹയില്‍ നിന്ന് കരിപ്പൂരിലെത്തിയ ഒരാള്‍ക്കുമാണ് രോഗലക്ഷണം കണ്ടെത്തിയത്.

കൊച്ചിയിലെത്തിയവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കും കരിപ്പൂരിലെത്തിയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുമാണ് മാറ്റിയത്. ആരോഗ്യ പരിശോധനയില്‍ രോഗബാധയുണ്ടെന്ന സംശയം തോന്നിയ 5 പേരെ അബുദാബി വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചിരുന്നു.

അബുദാബിയില്‍ നിന്നും രണ്ട് കൈക്കുഞ്ഞുങ്ങളുള്‍പ്പെടെ 175 യാത്രക്കാരുമായാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്.

സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്ന പ്രവാസികള്‍ നേരിട്ട് ആശുപത്രികളിലേക്ക് പോകരുതെന്നും ചികിത്സ ആവശ്യമുള്ളവര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് ദമാമില്‍ നിന്നും ക്വാലാലംപൂരില്‍ നിന്നുമുള്ള രണ്ട് വിമാനങ്ങള്‍ കൂടി കൊച്ചിയിലെത്തും.

Related Articles

Latest Articles